Monday, November 5, 2007

എന്തിനീ കല്യാണം വിളി ?

പലപ്പോഴും വിചാരിച്ചിട്ടുണ്ട്‌ കേരളത്തിലെ ആള്‍ക്കാര്‍ക്ക്‌ ഈ കല്യാണം വിളിയോട്‌ ഇത്ര formaility എന്തുകൊണ്ടാണെന്ന്.പിള്ളേര്‍ കല്യാണം കഴിക്കാന്‍ പ്രായമാകുമ്പോള്‍ മാതാപിതാക്കളും പ്രായമാവും. പിന്നെ അവരുടെ കാര്യം കഷ്ടം തന്നെ.

വര്‍ഷങ്ങളായി കണ്ടിട്ടും സംസാരിച്ചിട്ടു പോലും ഇല്ലാത്ത കുറേ "ബന്ധുക്കള്‍" . അവരെ കല്യാണത്തിനു വിളിച്ചേ ഒക്കൂ. അതും "വെറുതെ" വിളിച്ചാല്‍ പോരാ. അപ്പനും അമ്മയും തന്നെ ചെന്നു വിളിക്കണം (അല്ലെങ്കില്‍ അതുപോലെ വയസ്സായി എണീറ്റുനടക്കാന്‍ വയ്യാത്ത ആരെങ്കിലും ആയാലും മതി !)അസുഖം ഒക്കെ ഉള്ളവര്‍ ഒന്നു ഫോണില്‍ വിളിച്ചാല്‍ പോരേ ഈ യാത്രയൊക്കെ ചെയ്ത്‌ ഉള്ള ആരോഗ്യം കൂടിക്കളയണോ?ഡയബെറ്റിസും, പ്ലെഷറും ഉള്ള മാതാപിതാക്കള്‍ മരുന്നും സിറിഞ്ചും,ഓയിന്മെന്റും ഒക്കെ ആയി വണ്ടി കയറുന്നു. ( കുറുപ്പമ്മാവന്റെ മൂന്നാമത്തെ ഭാര്യയുടെ കുഞ്ഞമ്മയുടെ മൂത്തമകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ വേറെ ആരുടെയോ കല്യാണത്തിനു "വിളിക്കേണ്ട വിധത്തില്‍" വിളിക്കാത്തതിന്റെ പൊല്ലാപ്പ്‌ കുടുംബത്തില്‍ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്‌- ഇനി അതുപോലൊരു സംഭവം കാണണമെന്ന് ആര്‍ക്കും തന്നെ ആഗ്രഹമില്ല)

അപ്പോ back to our topic - എന്തിന്നാണീ പാടുപെട്ടുള്ള കല്യാണം വിളി? മിക്കവരും പ്രാകിക്കൊണ്ടാണ്‌ നമ്മുടെ മുന്നില്‍ ചിരി വരുത്തിയ മുഖവുമായി ഇരിക്കുന്നത്‌ എന്ന് എന്നാണ്‌ നാമൊന്നു മനസ്സിലാക്കുക."വന്നേ ഒക്കൂ, എന്റെ കുട്ടിമാമ വന്നില്ലേ എന്ന് (ജനിച്ചതില്‍പ്പിന്നെ നിന്നെ കണ്ടിട്ടില്ലാത്ത) എന്റെ മകന്‍ കുഞ്ചുമണി ചോദിക്കും" എന്നൊക്കെ പറയുമ്പോള്‍ അവരുടെ മനസ്സില്‍ "എനിക്ക്‌ അവിടുന്ന് ഇങ്ങു കണ്ണൂരില്‍ വന്നു വിളിക്കാമെങ്കില്‍ നിനക്ക്‌ അതുപോലെ അങ്ങു തിരോന്തരത്തു വന്ന് എന്റെ മോന്റെ കല്യാനത്തിനെന്താ കൂടിയാല്‍" എന്നു കാണില്ലേ എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.

ഈയിടെ എന്റെ ഒരു ബന്ധുവിന്റെ കല്യാണം. മകന്‍ എഞ്ചിനീയര്‍ ഒരു സമ്പന്ന കുടുംബത്തിലേക്ക്‌ വാങ്ങിക്കപ്പെടുന്നു sorry, കല്യാണം കഴിക്കുന്നു. ചെറുക്കന്റെ അഛനും അമ്മയും പണക്കാരല്ലെങ്കിലും പണക്കാരുടെ അസുഖങ്ങളൊക്കെയുള്ളവര്‍. ദിവസവും ഇന്‍സുലിന്‍ കുത്തിവെയ്പും വലിവിന്റെ മരുന്നും ആയിക്കഴിയുന്നവര്‍. പറഞ്ഞിട്ടെന്തുകാര്യം -കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു വിളിച്ചു. വിളിച്ചില്ലെങ്കില്‍ അതു പണക്കാരിയെക്കെട്ടുന്നതിന്റെ അഹങ്കാരം ആയിക്കാണുമെന്ന് അവര്‍ക്ക്‌ പേടി.

ഒരു ഫോണ്‍ വിളിയില്‍ ഒതുക്കിക്കൂടേ ഈ വിളി? അല്ലെങ്കില്‍ ഒരു ഇമെയില്‍ ? നമ്മള്‍ അത്രയ്ക്കൊക്കെ ആയില്ലേ? പാടുപെട്ട്‌ വീട്ടില്‍ വന്നു വിളിക്കുമ്പോള്‍ നമ്മളുടെ weight കൂടുമോ? വീട്ടിനടുത്തുള്ള വളരെ വേണ്ടപ്പെട്ടവരെ മാത്രം ചെന്നു വിളിച്ചാല്‍ പോരേ ഈ വയസ്സായ മാതാപിതാക്കള്‍?

8 comments:

rajesh said...

ഡയബെറ്റിസും, പ്ലെഷറും ഉള്ള മാതാപിതാക്കള്‍ മരുന്നും സിറിഞ്ചും,ഓയിന്മെന്റും ഒക്കെ ആയി വണ്ടി കയറുന്നു.

ദിലീപ് വിശ്വനാഥ് said...

ഇപ്പോള്‍ അങ്ങനെ ആരും പോയി വിളിക്കാറില്ലല്ലോ. ഉവ്വോ?
ഒരു സംശയം: ആരാ ആ നോ പാര്‍ക്കിംഗ്‌ ബോര്‍ഡ് കാര്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് കൊണ്ടു വച്ചത്?

Sherlock said...

രാജേഷ്, കാര്യം ശരി തന്നെ...ചിലപ്പോ കുറച്ചുകൂടി കാ‍ലം കഴിഞ്ഞാല്‍ കല്യാണം വിളിയെല്ലാം ഇ മെയില്‍ വഴിയാകാം..ഇപ്പോഴുള്ള മുതിര്‍ന്ന തലമുറയ്ക്ക് ഇപ്പോഴും പഴയ രീതി തന്നെ തുടരുന്നു..അതിനു മാറ്റം വരാന്‍ കുറച്ചു സമയമെടുക്കും..

വാല്‍മീകി, ഇപ്പോഴും അങ്ങനെ തന്നെയാണ്..ചില സമുദായങ്ങളില്‍ വരന്റെ/വധുവിന്റെ അചഛനും അമ്മയും ഒരുമിച്ചു വന്നു വിളിച്ചില്ലെങ്കില്‍ അത് മര്യാദയില്ലായ്മ ആയി കണക്കാക്കുന്നവരുണ്ട് (അനുഭവം ഗുരു)

rajesh said...

ഇപ്പോഴും അങ്ങനെ തന്നെ വാല്മീകി.

എന്റെ വലിയമ്മയുടെ മകള്‍ അടുത്ത ആഴ്ച വീണ്ടും ത്ര്ശൂര്‍ വരെ പോകുന്നുണ്ട്‌. ആദ്യത്തെ തവണ വിളിക്കാന്‍ ചെന്നപ്പോള്‍ അവരുടെ ഭര്‍ത്താവിന്റെ അനിയനും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നു.അതുകൊണ്ട്‌ കത്ത്‌ ഇട്ടിട്ട്‌ ബാക്കിയുള്ളവരോട്‌ പറഞ്ഞിട്ടു തിരിച്ചു വന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍- എന്നെ എന്റെ ഭാര്യവീട്ടുകാരുടെ മുന്നില്‍ കൊച്ചാക്കാനല്ലേ അങ്ങനെ ചെയ്തത്‌ എന്ന് അനിയന്റെ ചോദ്യം. എനിക്കിത്രയും വിലയേ ഉള്ളോ നേരിട്ടു വിളിച്ചില്ലെങ്കില്‍ വരൂല്ല എന്നു ഭാര്യ പറഞ്ഞത്രെ.

കുടുംബകലഹം ഒഴിവാക്കാനായി എന്റെ വലിയമ്മയുടെ മകള്‍ വീണ്ടും പോകുന്നു- മരിച്ചുപോയ ഭര്‍ത്താവിന്റെ അനിയനെ വീണ്ടും വിളിക്കാനായി !

കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.

ശാലിനി said...

"ആരുടെയോ കല്യാണത്തിനു "വിളിക്കേണ്ട വിധത്തില്‍" വിളിക്കാത്തതിന്റെ പൊല്ലാപ്പ്‌ കുടുംബത്തില്‍ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്‌". കല്യാണംവിളിയൊരു പൊല്ലാപ്പ് തന്നെയാണ്.. ആ വിളിക്കേണ്ടവിധത്തില്‍ വിളിയാണ് പ്രശ്നം. പിന്നീട് അവരുടെ വീട്ടില്‍ ഒരു കല്യാണം വരുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ അറിയുന്നത്.

ശ്രീ said...

അതു ശരിയാണ്‍ എന്ന് എനിക്കും തോന്നിയിട്ടുണ്ട്. ചെന്നു വിളിച്ചില്ലെങ്കില്‍‌ അതെന്തോ പോരായ്മയായി കാണുന്നവരാണ്‍ മലയാളികളിലധികവും.(മറ്റു നാട്ടുകാരുടെ കാര്യം അറിയില്ലാട്ടോ)

Anonymous said...

രാജേഷേ... എങ്ങിനെ ആ ബോര്‍ഡ് അവിടെ കുഴിച്ചിട്ടു.... ആരും കണ്ടില്ലേ???

rajesh said...

ബോര്‍ഡ്‌ കുഴിച്ചിട്ടത്‌ ആരും കണ്ടില്ല എന്നാണ്‌ ഞാന്‍ വിചാരിച്ചിരുന്നത്‌. ഇതിപ്പോ എല്ലാവരും അറിയുമല്ലോ ;-)