Friday, November 23, 2007

ജോലി വേണോ? 6 ലക്ഷം തരൂ.

ഇതല്‍പം അപകടം പിടിച്ച പോസ്റ്റ്‌ ആയതുകൊണ്ട്‌ ആള്‍ക്കാരുടെ പേര്‌ മാറ്റിയിട്ടുണ്ട്‌.

എന്റെ സുഹൃത്തിന്റെ ഭാര്യയുടെ ചേട്ടന്‍. "specialist" ആണ്‌. government service ല്‍ നിന്ന് വന്നു post graduation ചെയ്തു.(16 വര്‍ഷം സര്‍വീസിനു ശേഷം).
കെട്ടിക്കാന്‍ പ്രായമായ മക്കളുള്ള എല്ലാരും ചെയ്യുന്നതുപോലെ ലീവ്‌ എടുത്ത്‌ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 5 വര്‍ഷം ജോലി ചെയ്തു- ഒരു മകള്‍ കല്യാണം കഴിഞ്ഞു.

അങ്ങനെയിരിക്കുമ്പോള്‍ ദാ വരുന്നു. ഒരു ഇണ്ടാസ്‌- ഉടനെ തന്നെ തിരിച്ച്‌ സര്‍വീസില്‍ പ്രവേശിക്കണം. ഒരു "specialist" ഇല്ലാതെ ധാരാളം ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഓപ്പറേഷനുകള്‍ മാറ്റിവയ്ക്കേണ്ടി വരുന്നു. 2 ആഴ്ച്കയ്ക്കകത്ത്‌ join ചെയ്തില്ലെങ്കില്‍ 10 ലക്ഷം രൂപ അടയ്ക്കണം.

അദ്ദെഹം ഉടനെ തന്നെ ഓടിപ്പോയി കാണേണ്ടവരെ ഒക്കെ കണ്ടു. അപ്പോള്‍ മനസിലായി specialist vacancy ഉണ്ട്‌ ഇഷ്ടം പോലെ പക്ഷേ കിട്ടണമെങ്കില്‍ പൈസ ഇറക്കണം. ഒന്നും രണ്ടും അല്ല 6 ലക്ഷം !

കൊടുക്കാനില്ല. കൊടുത്തില്ല.

ഇപ്പോള്‍ ഒരു primary health centreലെ casualty officer ആയി ജോലി നോക്കുന്നു.

ആര്‍ക്കു നഷ്ടം?

ഒരു skilled specialist നെ പിടിച്ച്‌ പാരസെറ്റമോള്‍ ഗുളിക മാത്രം ഉള്ള ഒരു PHC യില്‍ വയ്ച്ചിട്ടാണോ പാവപ്പെട്ട ജനങ്ങളോടുള്ള "പ്രതിബദ്ധത" കാണിക്കുന്നത്‌? വേണമെന്നു വച്ചാല്‍ പോലും അദ്ദേഹത്തിനു ഒരു രോഗിക്ക്‌ specialised treatment നല്‍കാന്‍ ഒക്കുകയില്ല കാരണം അവിടെ സാധനങ്ങള്‍ ഒന്നും തന്നെ ഇല്ല.

പൊതുജനം നോക്കുമ്പോള്‍ എല്ലാവരുടെയും ബദ്ധശത്രുക്കളായ ഡോക്ക്ടര്‍മാരെ Government ശരിക്കു കൈകാര്യം ചെയ്യുന്നുണ്ട്‌. പൈസ ഉണ്ടാക്കി മറിക്കുന്ന ജോലിക്കള്ളന്മാരായ ഡോക്ടര്‍മാര്‍ പേടിച്ച്‌ ഗ്രാമസേവനം നടത്താന്‍ എത്തുന്നുണ്ട്‌.അതില്‍ ഇപ്പോള്‍ പാസായവര്‍ ആദ്യമായിട്ട്‌ പയറ്റുന്നത്‌ ഈ രാഷ്ട്രീയക്കാരുടെ പുറത്തല്ല. മറിച്ച്‌ ഇങ്ഗ്ലണ്ടിലും അമേരിക്കായിലും ,എന്തിന്‌ അടുത്തുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പോലും പോകാന്‍ പാങ്ങില്ലാത്ത സാധാരണക്കാരന്റെ അടുത്താണ്‌.

ഡോക്ക്ടര്‍ എന്നും പറഞ്ഞ്‌ ഒരുത്തനെ ഇരുത്തി നമ്മളെയെല്ലാം ചികില്‍സിച്ചാല്‍ മതിയോ. അയാള്‍ ഇന്നലെ പാസായതാണോ എന്തെങ്കിലും എക്സ്പീരിയെന്‍സ്‌ ഉള്ളവനാണോ അവനു ചികില്‍സ അറിയാമോ എന്നൊക്കെ നമുക്ക്‌ അറിയാന്‍ അധികാരമില്ലേ.

"ഈ സ്രീമതി റ്റീച്ചര്‍ കൊള്ളാമല്ലോ എന്നു പറയുന്നതിനോടൊപ്പം അതിന്റെ മറുവശം കൂടി അറിയുന്നത്‌ നന്ന്.

Thursday, November 22, 2007

വിവരമില്ലായ്മ

വൈകിട്ട്‌ ഒരു ഫോണ്‍. സുഹൃത്തിന്റെതാണ്‌. അവന്‍ സ്ഥലത്തില്ല അവന്റെ മകന്‍ ബൈക്കില്‍ നിന്ന് വീണു. ഭാര്യ അവനെയും കൂട്ടി ഒരു സ്വകാര്യ ആശുപത്രിയില്‍ പോയിട്ടുണ്ട്‌. ഒന്നു കൂടെ പോകാമോ.

എങ്ങനെ പറ്റില്ല എന്നു പറയും.പോയി.

15 വയസ്സുള്ള പയ്യന്‍. റ്റ്യൂഷനുപോയപ്പോള്‍ എതിരെ ഒരു കാര്‍ സിഗ്നല്‍ ഇല്ലാതെ തിരിഞ്ഞു. ഇവന്‍ മൂട്ടില്‍.

സുഹൃത്തിന്റെ ഭാര്യയോടു ചോദിച്ചു- ഭാഗ്യത്തിനു നിങ്ങള്‍ക്കൊന്നും പറ്റിയില്ല അല്ലേ.

മറുപടി എന്നെ സ്തബ്ധനാക്കി. - പയ്യന്‍ മാത്രമാണ്‌ വണ്ടി ഓടിച്ചിരുന്നത്‌. അവനു ലൈസന്‍സില്ല. അതുകൊണ്ട്‌ വഴക്കുണ്ടാക്കാനൊന്നും നില്‍ക്കാതെ ഇങ്ങു പോന്നു. ഹെല്‍മെറ്റും വച്ചിരുന്നില്ല.

സുഹൃത്ത്‌ എഞ്ചിനീയര്‍ ആണ്‌

ഭാര്യ കോളേജ്‌ ലെക്ചറര്‍

മൂത്ത മകന്‍ final year MBBS

വിവരമില്ലാത്ത കുടുംബം എന്നു പറയാന്‍ പറ്റുമോ.

വിവരമുള്ളവരുടെ കുടുംബത്തില്‍ ഇതാണെങ്കില്‍ സാധാരണക്കാരെ എങ്ങനെ കുറ്റം പറയും.

എങ്ങനെ നാം ഓരോ വര്‍ഷവും 3650 മരണം എന്നുള്ളതിനെ ഒന്നു കുറച്ചു കൊണ്ടുവരും?

Tuesday, November 20, 2007

ബിഗ്‌ ബസ്സാര്‍ അഥവാ പ്രിയ AIYF

തീര്‍ച്ചയായും ബിഗ്‌ ബസാര്‍ അടച്ചുപൂട്ടണം.

വന്‍ കുത്തക മുതളാളിക്കു ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഒന്നും തന്നെ നമ്മള്‍ അനുവദിക്കരുത്‌.അയാള്‍ സ്വന്തം പ്രയത്നത്തില്‍ക്കൂടിയാണ്‌ ഇത്രയും പൊങ്ങിവന്നതെന്നുള്ള സത്യം തല്‍ക്ക്ക്കാലം നമുക്ക്‌ മറക്കാം. (വേറെ എത്രയോ സത്യങ്ങള്‍ നാം സൗകര്യപൂര്‍വം മറക്കുന്നു അല്ലേ?)


ധാരാളം യുവതീയുവാക്കള്‍ക്ക്‌ ഭേദപ്പെട്ട ശമ്പളം നല്‍കിയാണ്‌ അവിടെ നിര്‍ത്തിയിരിക്കുന്നത്‌ എന്നുള്ളതും നമുക്ക്‌ മറക്കാം. (സന്തുഷ്ടരുടെ ഇടയില്‍നിന്നും നമുക്ക്‌ "അണികളെ" കിട്ടുകയില്ലല്ലോ)


അവരുടെ വിദ്യാഭ്യാസത്തിനോ ആഗ്രഹത്തിനോ അനുസരിച്ചുള്ള ജോലി അല്ലെങ്കില്‍ പോലും ചുമ്മാ വായില്‍നോക്കി നടക്കുന്നതിനെക്കാളും മക്കളെ വിദേശത്തു പഠിക്കാന്‍ അയച്ചിട്ട്‌ ഇവിടം കുട്ടിച്ചോറാക്കുന്ന നേതാക്കളുടെ വാക്‌ സാമര്‍ഥ്യത്തില്‍ മയങ്ങി സമയം കളയുന്നതിനേക്കാളും നല്ലതാണെന്നുള്ളതും നമുക്ക്‌ മറക്കാം (ഇങ്ങനെ പോയാല്‍ മറക്കാനേ സമയമുള്ളല്ലോടേ എന്നു ചോദിക്കരുത്‌)

എങ്ങനെയും ആ ബിഗ്‌ ബസ്സര്‍ ഒന്നു പൂട്ടിക്കൂ.


എന്നാലേ എന്റെ വീട്ടില്‍ തേങ്ങ ഇടാന്‍ വന്നുകൊണ്ടിരുന്ന തങ്കപ്പന്‍ ചേട്ടന്‍ വാലും മടക്കി വരുന്നത്‌ എനിക്കു കാണാന്‍ ഒക്കൂ. അങ്ങേരുടെ മോന്‌ അവിടെ ജോലി കിട്ടിയതിന്റെ അടുത്ത ദിവസം വന്ന് "ഇനി നിങ്ങളുടെ തെങ്ങില്‍ കയറാന്‍ എന്നെ കിട്ടൂല്ല" എന്ന് വീംബിളക്കി പോയതാണ്‌.

ഹഹഹഹഹ

കേരളമേ നിന്റെ കാര്യം കഷ്ടം തന്നെ. നന്നാവൂല്ല നന്നാവാന്‍ സമ്മതിക്കൂല്ലാ.

Monday, November 19, 2007

പ്രിയ D Y F I

എന്താ ഇതിന്റെ ഒക്കെ ഒരു അര്‍ഥം ?

പിണറായി രാജാവിന്റെ, sorry, സഖാവിന്റെ മകന്‍ england ല്‍ പഠിക്കട്ടെ, ബാക്കിയുള്ളവന്റെ മക്കള്‍ നന്നാവാതിരിക്കാന്‍ നമുക്കു നോക്കാം അല്ലേ.

പൈസ ഉള്ളവന്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എന്നോ?

കഷ്ടം . മൂടു താങ്ങുന്നതിനും ശുദ്ധഭോഷത്തരം വിളിച്ചു കൂവുന്നതിനും ഒരു അതിരൊക്കെ ഇല്ലേ സഖാവെ?

അതോ ഇവിടുത്തെ പാവപ്പെട്ടവന്റെ മക്കളെ വഴിയാധാരമാക്കി ഭാവിയിലെ അവരുടെ നേതാവായിക്കഴിയുമ്പോള്‍ മക്കളെ englandല്‍ വിടാന്‍ വല്ല പ്ലാനും ഉണ്ടോ ?

Monday, November 12, 2007

പ്രിയ ONV സാാര്‍,

പ്രിയ ONV സാാര്‍,എന്തൊക്കെയാണ്‌ അങ്ങു പുലമ്പുന്നത്‌? reality show കേരള സംസ്കാരം ഇല്ലാതാക്കുമെന്നോ? പാട്ടിന്റെ കൂടെ ആടുന്നത്‌ നല്ലതല്ലെന്നോ? ഈ പിള്ളേര്‍ ആടിക്കുഴഞ്ഞു പാടുന്ന ഈ പാട്ടുകളൊക്കെ ആരാണെഴുതി വിടുന്നതെന്നോ?

സാര്‍ മലയാള ചാനലുകളിലെ കൊലപാതക ബലാല്‍സംഗ സീരിയലുകളൊന്നും കണ്ടിട്ടില്ലാ എന്നു തോന്നുന്നു. ആബാലവ്ര്ദ്ധജനങ്ങള്‍ എല്ലാ ദിവസവും വൈകിട്ട്‌ കണ്ണിമയ്കാതെ കണ്ട്‌ മനസ്സ്‌ മുരടിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ "സംസ്കാരത്തിനു" ചേര്‍ന്ന ഈ ചവറുകളെക്കാലും നല്ലതല്ലേ സാര്‍ ഇപ്പോഴത്തെ reality shows ?

ഈ ചവറുകളില്‍ അമ്മായിയമ്മയും മരുമോളും തമ്മിലും നാത്തൂന്മാരു തമ്മിലും ഉള്ള പകയും അനാരോഗ്യകരമായ ഇടപെടലുകളും അങ്ങു കണ്ടിട്ടില്ലേ. കൊച്ചു കുട്ടികളെപ്പോലും ഇതൊക്കെ കാണിച്ച്‌ അവരുടെ മനസിനെ കറുപ്പിക്കുന്ന വിവരമില്ലാത്ത കുറേപ്പേര്‍ വേറെയും.ക്രൂരതയുടെയും പിശാചുക്കളുടെയും മനുഷ്യമുഖം മൂടി ധരിച്ച കുറേപ്പേരുടെ കഥ പറയുന്ന ചവര്‍ സീരിയലുകളെക്കാള്‍ എത്രയോ എത്രയോ നല്ലതല്ലേ സാര്‍ ഈ music shows ?

ഒന്നുമില്ലെങ്കിലും സാറും സാറിനെപ്പോലെയുള്ള വേറെ ചിലരും എഴുതിവിടുന്ന (വിട്ടിരുന്ന) പൈങ്കിളിയും അല്ലാത്തതുമായ പാട്ടുകളല്ലേ ഇവര്‍ പാടുന്നുള്ളു? അതിന്റെ കൂടെയുള്ള ആട്ടം- സിനിമയിലോ സീരിയലുകളിലോ ഉള്ളത്രയും ആഭാസത്തരമല്ലല്ലോ സാര്‍.

Sunday, November 11, 2007

നടന്നു പോകുമ്പോള്‍ ചെയ്യുന്നതെല്ലാം .

ചുമ്മാ നടന്നു പോകുമ്പോള്‍ നമ്മള്‍ എന്തെല്ലാം ചെയ്യുമോ അതെല്ലാം നമ്മള്‍ അതേ നിസ്സംഗതയോടുകൂടിത്തന്നെ വാഹനത്തിലിരുന്നും (പ്രത്യേകിച്ചും ഇരുചക്രവാഹനത്തില്‍) ചെയ്യും.

വിശ്വാസമില്ലേ ? ഇതു നോക്കൂ.


(1)ഓരോന്നാലോചിച്ച്‌ ("വായില്‍നോക്കി") നടന്നു പോകുമ്പോള്‍ ആണ്‌ പാലു വാങ്ങിക്കണമെന്ന് വീട്ടില്‍ നിന്നു പറഞ്ഞത്‌ പെട്ടെന്ന് ഓര്‍മ്മ വരുന്നത്‌.എന്താണ്‌ നാം ചെയ്യുന്നത്‌? ഒരൊറ്റ തിരിവ്‌- വലത്തോട്ടോ ഇടത്തോട്ടോ എന്നു നോട്ടമില്ല എവിടെയാണ്‌ മില്‍മ ബൂത്ത്‌ എന്നു വച്ചാല്‍ അങ്ങോട്ട്‌- ബൈക്കിലും ഇതു തന്നെയല്ലേ ചെയ്യാറുള്ളത്‌?


(2) നേരത്തെ പറഞ്ഞതുപോലെ വായില്‍നോക്കി നടക്കുമ്പോള്‍ ആണ്‌ ഒരു "റ്റ്രീങ്ങ്‌, റ്റ്രീങ്ങ്‌"- എന്തോ ഒരു "അത്യാവശ്യ" ഫോണ്‍ വരുന്നു. (നമുക്കു വരുന്നതെല്ലാം "himportant calls" ആണല്ലോ- ഉടനെ എടുത്തിലെങ്കില്‍ എന്താ സംഭവിക്കുക എന്നാര്‍ക്കരിയാം).ബൈക്കിലാണെങ്കില്‍ ഇനിയൊരു സര്‍ക്കസ്‌ തന്നെ കാണാം. ഒരു കൈകൊണ്ട്‌ ബൈക്ക്‌ ബാലന്‍സ്‌ ചെയ്തുകൊണ്ട്‌ മറ്റേ കൈ പോക്കറ്റില്‍ പരതുന്നു.തിരിച്ചെടുക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്നറിയാമെങ്കിലും ടൈറ്റ്‌ പാന്റിന്റെ മുന്നിലെ പോക്കറ്റിലേ ഇടൂ. ഈ പോക്ക്റ്റില്‍ പരണ്ടുന്ന സമയം മുഴുവന്‍ ബൈക്ക്‌ ഒറ്റക്കൈയ്യില്‍ ഓടുകയാണ്‌. ആടിയാടിയുള്ള ഈ പോക്കിനിടയില്‍ വണ്ടി ഇടിച്ചു ചത്തില്ലെങ്കില്‍ എങ്ങനെയും ഫോണ്‍ എടുത്ത്‌ സംസാരിച്ചിരിക്കും.


(3) "അതാ കുട്ടപ്പന്‍" - റോഡിന്റെ അപ്പുറത്ത്‌ നില്‍ക്കുന്ന സുഹ്ര്ത്തിനെകാണ്ടാല്‍ നാം എല്ലാം മറക്കും.പിന്നെ ഒരൊറ്റതിരിച്ചിലാണ്‌- ഇടിയ്ക്കാതിരിക്കാന്‍ പാടുപെട്ട്‌ ചവിട്ടി നിര്‍ത്തുന്ന മറ്റു ഡ്രൈവര്‍മാരുടെ മടക്കിയ നടുവിരലുകളും,തള്ളയെവിളികളും കേള്‍ക്കാത്തമട്ടില്‍ അതിനൊക്കെ അതീതനായി മന്തം മന്തം (മനപ്പൂര്‍വം എഴുതിയതുതന്നെ- ന്ദ എഴുതാന്‍ വയ്യാഞ്ഞിട്ടല്ല) കുട്ടപ്പന്റെ അടുത്തേയ്ക്ക്‌.

ഒരു മിനിറ്റ്‌ സൊള്ളുന്നു.

തിരിച്ച്‌ മുന്‍പിന്‍ നോക്കാതെ മറുവശത്തേയ്ക്ക്‌ !

(4)എന്തെങ്കിലും അത്യാവശ്യമുള്ളപ്പോള്‍ നടത്തയ്ക്ക്‌ സ്പീഡ്‌ കൂടുന്നതുപോലെതന്നെയല്ലെ വണ്ടിയ്ക്കും സ്പീഡ്‌ കൂടുന്നത്‌. നടത്തയ്ക്ക്‌ സ്പീഡ്‌ ലിമിറ്റ്‌ ഇല്ലെങ്കിലും വണ്ടിക്ക്‌ ഉണ്ട്‌ എന്നുള്ള കാര്യം നാം ഓര്‍ക്കാറേയില്ല,ഉണ്ടോ?

(5) നടക്കുമ്പോള്‍ ആരും ഹെല്‍മെറ്റ്‌ വയ്ക്കേണ്ട കാര്യമില്ല.നടക്കുമ്പോള്‍ എത്രയോപേര്‍ സ്ലാബിലും, കുഴിയിലും തട്ടി വീഴുന്നു അവരെല്ലാം ഹെല്‍മെറ്റ്‌ വച്ചിട്ടാണോ ചാവാതെ രക്ഷപ്പെടുന്നത്‌? അതുപോലെയല്ലേ ഉള്ളു ബൈക്കില്‍ നിന്ന് വീണാലും,പിന്നെന്തിന്‌ ഹെല്‍മെറ്റ്‌?

Friday, November 9, 2007

"വെള്ളപ്പൊക്കം എല്ലാരും സഹിക്കുന്നതുപോലെ"

"വെള്ളപ്പൊക്കം എല്ലാരും സഹിക്കുന്നതുപോലെ" നഗരവാസികളും സഹിക്കണം എന്നു നമ്മളെല്ലാം കൂടി കനകസിംഹാസനത്തില്‍ കയറ്റിയിരുത്തിയിരിക്കുന്ന നമ്മുടെ മുഖ്യന്‍.

നാലുവശത്തുനിന്നും ഒഴുകിവരുന്ന മലിനജലം കെട്ടിക്കിടക്കുന്ന ഈ സ്ഥലങ്ങളില്‍ കൂടി അങ്ങേരെ ഒന്നു നടത്തിക്കാന്‍ ഇവിടാരും ഇല്ല എന്നാണോ. ഒരു തവണ നടക്കാമെങ്കില്‍ (പിണറായി കാറില്‍ ഇരുന്ന് "കേരള പദ യാത്ര" നടത്തിയതുപോലെ അല്ല) ഇങ്ങനെ പറയാന്‍ അങ്ങേര്‍ക്ക്‌ അധികാരം ഉണ്ടെന്ന് നമുക്ക്‌ സമ്മതിക്കാം.

അല്ലെങ്കില്‍ പിന്നെ അടുത്ത തവണ വോട്ട്‌ ചോദിക്കാന്‍ പച്ച ചിരിയുമായി വരുന്ന ഇവന്മാരെയും അണികളെയും പുഛിച്ചു തള്ളാന്‍ നമുക്കാകണം.


പുഛിച്ചു തള്ളിയാല്‍ പകരം ആരെ വയ്ക്കാന്‍ അല്ലേ ? എല്ലാവന്മാരും കയ്യിട്ടു വാരാന്‍ ആണല്ലോ ജനിച്ചിരിക്കുന്നതു തന്നെ.

Monday, November 5, 2007

എന്തിനീ കല്യാണം വിളി ?

പലപ്പോഴും വിചാരിച്ചിട്ടുണ്ട്‌ കേരളത്തിലെ ആള്‍ക്കാര്‍ക്ക്‌ ഈ കല്യാണം വിളിയോട്‌ ഇത്ര formaility എന്തുകൊണ്ടാണെന്ന്.പിള്ളേര്‍ കല്യാണം കഴിക്കാന്‍ പ്രായമാകുമ്പോള്‍ മാതാപിതാക്കളും പ്രായമാവും. പിന്നെ അവരുടെ കാര്യം കഷ്ടം തന്നെ.

വര്‍ഷങ്ങളായി കണ്ടിട്ടും സംസാരിച്ചിട്ടു പോലും ഇല്ലാത്ത കുറേ "ബന്ധുക്കള്‍" . അവരെ കല്യാണത്തിനു വിളിച്ചേ ഒക്കൂ. അതും "വെറുതെ" വിളിച്ചാല്‍ പോരാ. അപ്പനും അമ്മയും തന്നെ ചെന്നു വിളിക്കണം (അല്ലെങ്കില്‍ അതുപോലെ വയസ്സായി എണീറ്റുനടക്കാന്‍ വയ്യാത്ത ആരെങ്കിലും ആയാലും മതി !)അസുഖം ഒക്കെ ഉള്ളവര്‍ ഒന്നു ഫോണില്‍ വിളിച്ചാല്‍ പോരേ ഈ യാത്രയൊക്കെ ചെയ്ത്‌ ഉള്ള ആരോഗ്യം കൂടിക്കളയണോ?ഡയബെറ്റിസും, പ്ലെഷറും ഉള്ള മാതാപിതാക്കള്‍ മരുന്നും സിറിഞ്ചും,ഓയിന്മെന്റും ഒക്കെ ആയി വണ്ടി കയറുന്നു. ( കുറുപ്പമ്മാവന്റെ മൂന്നാമത്തെ ഭാര്യയുടെ കുഞ്ഞമ്മയുടെ മൂത്തമകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ വേറെ ആരുടെയോ കല്യാണത്തിനു "വിളിക്കേണ്ട വിധത്തില്‍" വിളിക്കാത്തതിന്റെ പൊല്ലാപ്പ്‌ കുടുംബത്തില്‍ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്‌- ഇനി അതുപോലൊരു സംഭവം കാണണമെന്ന് ആര്‍ക്കും തന്നെ ആഗ്രഹമില്ല)

അപ്പോ back to our topic - എന്തിന്നാണീ പാടുപെട്ടുള്ള കല്യാണം വിളി? മിക്കവരും പ്രാകിക്കൊണ്ടാണ്‌ നമ്മുടെ മുന്നില്‍ ചിരി വരുത്തിയ മുഖവുമായി ഇരിക്കുന്നത്‌ എന്ന് എന്നാണ്‌ നാമൊന്നു മനസ്സിലാക്കുക."വന്നേ ഒക്കൂ, എന്റെ കുട്ടിമാമ വന്നില്ലേ എന്ന് (ജനിച്ചതില്‍പ്പിന്നെ നിന്നെ കണ്ടിട്ടില്ലാത്ത) എന്റെ മകന്‍ കുഞ്ചുമണി ചോദിക്കും" എന്നൊക്കെ പറയുമ്പോള്‍ അവരുടെ മനസ്സില്‍ "എനിക്ക്‌ അവിടുന്ന് ഇങ്ങു കണ്ണൂരില്‍ വന്നു വിളിക്കാമെങ്കില്‍ നിനക്ക്‌ അതുപോലെ അങ്ങു തിരോന്തരത്തു വന്ന് എന്റെ മോന്റെ കല്യാനത്തിനെന്താ കൂടിയാല്‍" എന്നു കാണില്ലേ എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.

ഈയിടെ എന്റെ ഒരു ബന്ധുവിന്റെ കല്യാണം. മകന്‍ എഞ്ചിനീയര്‍ ഒരു സമ്പന്ന കുടുംബത്തിലേക്ക്‌ വാങ്ങിക്കപ്പെടുന്നു sorry, കല്യാണം കഴിക്കുന്നു. ചെറുക്കന്റെ അഛനും അമ്മയും പണക്കാരല്ലെങ്കിലും പണക്കാരുടെ അസുഖങ്ങളൊക്കെയുള്ളവര്‍. ദിവസവും ഇന്‍സുലിന്‍ കുത്തിവെയ്പും വലിവിന്റെ മരുന്നും ആയിക്കഴിയുന്നവര്‍. പറഞ്ഞിട്ടെന്തുകാര്യം -കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു വിളിച്ചു. വിളിച്ചില്ലെങ്കില്‍ അതു പണക്കാരിയെക്കെട്ടുന്നതിന്റെ അഹങ്കാരം ആയിക്കാണുമെന്ന് അവര്‍ക്ക്‌ പേടി.

ഒരു ഫോണ്‍ വിളിയില്‍ ഒതുക്കിക്കൂടേ ഈ വിളി? അല്ലെങ്കില്‍ ഒരു ഇമെയില്‍ ? നമ്മള്‍ അത്രയ്ക്കൊക്കെ ആയില്ലേ? പാടുപെട്ട്‌ വീട്ടില്‍ വന്നു വിളിക്കുമ്പോള്‍ നമ്മളുടെ weight കൂടുമോ? വീട്ടിനടുത്തുള്ള വളരെ വേണ്ടപ്പെട്ടവരെ മാത്രം ചെന്നു വിളിച്ചാല്‍ പോരേ ഈ വയസ്സായ മാതാപിതാക്കള്‍?