Tuesday, February 13, 2007

"പാശ്ചാത്യ സംസ്കാരം" - മണ്ണാംകട്ട !

എപ്പേ്പ്പാഴും നമ്മള്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്‌- നമ്മുടെ കുട്ടികള്‍ "ചീത്തയാവാന്‍" കാരണം പാശ്ചാത്യ സംസ്കാരത്തിന്റെ അതി പ്രസരം ആണെന്നും അതില്ലായിരുന്നുവെങ്കില്‍ എല്ലാവരും കൊച്ചുമിടുക്കന്മാരും മിടുക്കികളും ആയി വളര്‍ന്നു വന്നേനെ എന്നു മറ്റും ! "നമ്മുടെ ഭാരതീയ സംസ്കാരത്തിനു" ചേര്‍ന്ന രീതിയിലുള്ള ജീവിതത്തെക്കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കന്മാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്‌.

ഇംഗ്ലിഷ്‌ സിനിമയില്‍ക്കാണുന്ന മദ്യപാനവും, കെട്ടി മറിയലും അല്ല "പാശ്ചാത്യ സംസ്കാരം.കുറച്ച്‌ കാലമെങ്കിലും (ഏതാണ്ട്‌ 8 വര്‍ഷം) ഇംഗ്ലണ്ടില്‍ താമസിച്ച്‌ ജോലി ചെയ്ത പരിചയം വെച്ചു തന്നെ പറയട്ടെ- മറ്റുള്ളവരെക്കുറിച്ചുള്ള പരിഗണന - consideration for others- ആണ്‌ ഈ സംസ്കാരത്തിന്റെ മുഖശ്ചായ. എവിടെ വച്ചാണെങ്കിലും നമുക്ക്‌ അത്‌ തെളിഞ്ഞു കാണാം.

നമ്മുടെ മുന്നില്‍ പോകുന്ന ആള്‍ ഒരു വാതില്‍ തുറന്നു ഉള്ളിലേക്കു പ്രവേശിക്കുമ്പോള്‍ തൊട്ടൂ പുറകേ വരുന്ന നമുക്കു വേണ്ടി തുറന്നു പിടിക്കുന്നു; അല്ലാതെ തള്ളീത്തുറന്നു കയറിയിട്ട്‌ പിറകില്‍ വരുന്നവന്റെ മുഖത്തടിക്കാന്‍ പാകത്തില്‍ അതു വിടുന്നില്ല.

ഒരു വാതിലിന്റെ മുന്നില്‍ രണ്ടു പേര്‍ ഒരുമിച്ച്‌ എത്തിയാല്‍ "താങ്കള്‍ക്ക്‌ പിന്നാലേ ഞാന്‍ കയറിക്കോളാം" - after you, sir- എന്നു പറഞ്ഞ്‌ കാത്തു നില്‍ക്കുന്നു- അല്ലാതെ "കാത്തു നില്‍കുന്നവന്‍ മണ്ടന്‍" എന്ന മട്ടില്‍ ഇടിച്ചു കയറുന്നില്ല.

അതുപോലെ തന്നെ Q വിന്റെ കാര്യം. എത്ര ധൃതിയുണ്ടെങ്കിലും നമ്മുടെ മുന്നില്‍ നില്‍ക്കുന്നവന്റെ കാര്യം കഴിഞ്ഞിട്ട്‌ എന്റെ കാര്യം എന്ന മട്ടില്‍ നില്‍ക്കുന്നു ആദ്യം വന്ന ആളിന്റെയാണ്‌ ആദ്യത്തെ അവസരം -first come firt served എന്നുള്ള പെരുമാറ്റച്ചട്ടം എല്ലാവരും പാലിക്കുന്നു.

വയസ്സായവരോ, നില്‍ക്കാന്‍ ബുധ്ധിമുട്ടുള്ളവരോ നില്‍ക്കുന്നുണ്ടെങ്കില്‍ എഴുന്നേറ്റ്‌ സീറ്റ്‌ അവര്‍ക്കു നല്‍കുന്നു. അങ്ങനെയുള്ളവര്‍ക്കു വേണ്ടി പലയിടത്തും (ബസ്സുകള്‍ ഉള്‍പ്പടെ)സീറ്റ്‌ മാറ്റിവച്ചിരിക്കുന്നു.

റോഡ്‌ മുറിച്ച്‌ കടക്കാന്‍ ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുന്നു അല്ലാതെ അവരെ ഇടിച്ചിടുന്ന മട്ടില്‍ അവരുടെ ഇടയില്‍ക്കൂടി ചീറിപ്പാഞ്ഞ്‌ തന്റെ "കഴിവ്‌" (കേട്‌)പ്രദര്‍ശിപ്പിക്കുന്നില്ല.

സിഗ്നല്‍ കിട്ടാന്‍ വേണ്ടിയോ ,ജംഷനിലോ ക്യു ആയി നിര്‍ത്തിയിരിക്കുന്ന വാഹനങ്ങളുടെ ഇടയില്‍ക്കൂടി ഏറ്റവും മുന്‍പില്‍ ചെന്ന് "ഞാന്‍ എത്ര മിടുക്കന്‍" എന്ന മട്ടില്‍ നില്‍ക്കുന്നില്ല.

വാഹനം പാര്‍ക്ക്‌ ചെയ്യുന്നതിനു മുന്‍പ്‌ അതുകാരണം മട്ടുള്ളവര്‍ക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന് ചിന്തിച്ചതിനു ശേഷം മാത്രം പാര്‍ക്ക്‌ ചെയ്യുന്നു. അല്ലാതെ "എനിക്ക്‌ ഈ മുറുക്കാന്‍ കടയുടെ മുന്നില്‍ത്തന്നെ പാര്‍ക്ക്‌ ചെയ്യണം" എന്നും പറഞ്ഞ്‌ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടു തന്നെ പാര്‍ക്ക്‌ ചെയ്ത്‌ തന്റെ "സംസ്കാരം" പ്രദര്‍ശിപ്പിക്കുന്നില്ല.

പിന്നെ മദ്യപാനം-- അതു നമ്മള്‍ വിചാരിക്കുന്നതു പോലെ അത്ത്രയൊന്നുമില്ല- വേണോ എന്നു ചോദിക്കും - വേണ്ടെങ്കില്‍ വേണ്ട അത്രേയുള്ളു- "company sake" ഉം മറ്റും നമ്മള്‍ ഉണ്ടാക്കിയ ഒരോ ദുര്‍ബല കാരണങ്ങള്‍ മാത്രം. എത്രയോ തവണ എന്റടുത്ത്‌ കുടിക്കുന്നോ എന്ന് ചോദിച്ചിട്ടുണ്ട്‌ ഇല്ല എന്ന ഒറ്റ വാക്കില്‍ അത്‌ നിന്നിട്ടുമുണ്ട്‌. അല്ലതെ "നീ എന്തോന്നെടെ ഒരു കമ്പനി സ്പിരിറ്റ്‌ ഇല്ലാത്തവന്‍" നീ എന്തോന്ന് പുണ്യവാളനോ മുതലായ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായിട്ടീല്ല (ചിലപ്പൊ അവര്‍ക്ക്‌ മലയാളം അറിഞ്ഞുകൂടാത്തതു കൊണ്ടുമാകാം !)

അപ്പോ നമ്മള്‍ ചെയ്തത്‌ ഇത്ര മാത്രം - അവരുടെ നല്ല കാര്യങ്ങളൊക്കെ തള്ളിക്കളഞ്ഞു എന്നിട്ട്‌ എന്തൊക്കെ ചീത്തത്തരങ്ങള്‍ ഉണ്ടോ അതിനെ "സംസ്ക്കാരം" എന്ന പേരും നല്‍കി ഇങ്ങോട്ടിങ്ങെടുത്തു !

6 comments:

അംബട ഞാനേ said...

താങ്കളോടു ഞാന്‍ പൂര്‍ണമയി യോജിക്കുന്നു.
മലയാളിയെ സംബന്ധിച്ച്‌ നിയമങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടിയള്ളതാണ്‌.

കൊച്ചുഗുപ്തന്‍ said...

ശരിയാണ്‌...മൂല്യചുതി ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സമൂഹമാണ്‌ കേമന്മാരെന്നു സ്വയം ധരിച്ചുവച്ചിരിയ്ക്കുന്ന മലയാളികളുടേത്‌....

എല്ലാം ശരിയാകട്ടെ എന്നാശിയ്ക്കുന്നു...ആശംസിയ്ക്കുന്നു...

വിചാരം said...

താങ്കളുടെ വാദത്തോട് പൂര്‍ണ്ണമായി യോജിക്കാനോ എന്നാല്‍ പൂര്‍ണ്ണമായി തള്ളി കളയാനോ ഇല്ല, ചില വ്യക്തികള്‍ ചെയ്യുന്നത് അതെല്ലാം സംസ്ക്കാരത്തിന്‍റെ ജീര്‍ണ്ണതയാവുകയോ മഹത്വമാവുകയോ ചെയ്യില്ല പൊതുവായി ചെയ്യപ്പെടുന്നതാണല്ലോ സംസ്ക്കാരം ഭാരതീയ സംസ്ക്കാരം നമ്മെ ഒത്തിരി പഠിപ്പിക്കുന്നുണ്ട് മുതിര്‍ന്ന പൌരന്മാരെ നാം എങ്ങനെ കാണണം അവരോടെങ്ങനെ പെരുമാറണമെന്നല്ലാം അതിനെതിരെ ചെയ്യുന്നത് സംസ്ക്കാരത്തിന്‍റെ ജീര്‍ണ്ണതാവുക സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണമായി നിഷ്കാസിതമായാലേ പറയാനാവൂ എന്നാല്‍ നഗരങ്ങളില്‍ നിന്നല്ലാം അകന്നുനില്‍ക്കുന്ന ഗ്രാമീണരില്‍ ഇന്നും ഈ മഹത്വം നില നില്‍ക്കുന്നുവെന്നത് പ്രശംസനീയമാണ് ഭാരതത്തില്‍ 5 ലക്ഷത്തിലധികം ഗ്രാമങ്ങളുണ്ട് എന്നത് പട്ടണങ്ങള്‍ എത്രയോ ചെറിയ സംഖ്യയാണന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഞാന്‍ ജോലി ചെയ്യുന്നത് അമേരിക്കന്‍സിന്‍റെ കൂടെയാണ് അവരുടെ സ്വഭാവരീതികളും മറ്റും പ്രത്യേകിച്ച് താങ്കള്‍ പറഞ്ഞത് പോലെ വാതില്‍ മറ്റൊരാള്‍ക്കുവേണ്ടി തുറന്നുവെയ്ക്കുക Q സിസ്റ്റം പാലിക്കുക ഒത്തിരി നല്ല ഗുണങ്ങള്‍ എന്നാല്‍ വളരെ ദയനീയമായി ഞാന്‍ കണ്ടത് ഒത്തിരി വൃദ്ധര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ തന്‍റെ അറുപതാമത്തെ വയസ്സിലും കായികമായി ജോലി ചെയ്യുന്നു എന്നതാണ്, കഴിഞ്ഞ വര്‍ഷം എന്‍റെ കൂടെ ജോലി ചെയ്തിരുന്ന 62 വയസ്സ് പ്രായമായ ആല്‍ബര്‍ട്ടോ മാഡത്തിന് എട്ടുമക്കളും അതില്‍ 20 ല് അധികം പേരകുട്ടികളും ഉണ്ട് ഞാന്‍ ജോലി ചെയ്തിരുന്ന ഡിപാര്‍ട്ട്മെന്‍റില്‍ 50ല്‍ അധികം പേരുണ്ടായിരുന്നു പാക്കിസ്ഥാനികളും ഇന്ത്യക്കാരുമടക്കം ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത സ്നേഹം അവര്‍ക്കൊരിക്കലും ജീവിതത്തില്‍ നിന്ന് ലഭിക്കാത്തതായിരുന്നു ഏഷ്യന്‍ വംശജരുടെ സ്നേഹത്തിന് ഒത്തിരി പകിട്ടുണ്ടായിരുന്നു ഇതെല്ലാം നമ്മുടെ സംസ്ക്കാരത്തിന്‍റെ നല്ല വശങ്ങളായിരുന്നു എന്നത് വലിയ സത്യം (ഞങ്ങളൊരുമിച്ചെടുത്ത പടം ഇപ്പോഴും എന്‍റെ കമ്പൂട്ടറിലുണ്ട്)

കുടുംബജീവിതം പശ്ചാത്യരേക്കാള്‍ നമ്മുടേത് കെട്ടുറപ്പുണ്ടാവാന്‍ കാരണം നമ്മുടെ സംസ്ക്കാരത്തിന്‍റെ നല്ല വശമാണ് പാശ്ചാത്യര്‍ക്ക് സങ്കല്‍‍പ്പിക്കാനാവുന്നില്ല അല്ലെങ്കില്‍ ഉള്‍കൊള്ളാനാവുന്നില്ല നമ്മുടെ വീട്ടുക്കാര്‍ നമ്മുക്കുവേണ്ടി പെണ്ണുകാണുകയും അതില്‍ നമ്മള്‍ സംതൃപ്തിയാവുന്നതും , വിവാഹത്തിന് മുന്‍പ് കുഞ്ഞുങ്ങളുണ്ടാവുക എന്നത് നമ്മുടെ സംസ്ക്കാരത്തിനൊരിക്കലും ഉള്‍കൊള്ളാനാവില്ല എന്നാല്‍ പാശ്ചാത്യര്‍ക്കതൊരു പ്രശനമേ അല്ല ഇവരിലെ ഒത്തിരി നല്ല ഗുണങ്ങളെ ഞാന്‍ മറച്ചുവെയ്ക്കുന്നില്ല ഉദാഹരണത്തിന് പ്രായമേറിയ ആളുകള്‍ അവര്‍ക്ക് പ്രായമൊത്തവരെ വിവാഹം ചെയ്യുന്നു എന്നാല്‍ പണം ഇത്തിരി കൂടുതലുണ്ടന്നുകരുതി അറുപതുവയസ്സുക്കാരന്‍ 18 വയസ്സുക്കാരിയെ വിവാഹം കഴിക്കാന്‍ വെമ്പുന്ന സമീപനം ഒട്ടും അഭികാമ്യമല്ല ഇതിനെ നീതീകരിക്കാനുമാവില്ല ഇതൊരിക്കലും നമ്മുടെ സംസ്ക്കാരത്തിന്‍റെ ഭാഗമല്ല, മനുഷ്യന്‍ എന്നും തന്‍റെ സ്വര്‍ത്ഥമായ ലാഭത്തിന് വേണ്ടി മാത്രം ചില ചീത്ത പ്രവണതകള്‍ പുലര്‍ത്താറുണ്ട് അതെല്ലാം സംസ്ക്കാരത്തിന്‍റെ ഭാഗമായി കാണാനാവില്ല അത് പാശ്ചാത്യര്‍ ചെയ്താലും പൌരസ്ത്യര്‍ ചെയ്താലും ..
നമ്മള്‍ ഭാരതീയര്‍ പുലര്‍ത്തുന്ന നല്ല ഗുണങ്ങളെ നമ്മുടെ തലമുറക്ക് പഠിപ്പികുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനോടൊപ്പം പാശ്ചാത്യരുടെ നല്ല ഗുണങ്ങളെ കുറിച്ചു മനസ്സില്ലാക്കി കൊടുക്കുകയും വേണം നമ്മുടെ തെറ്റുകള്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നത് വളര നല്ലതാണ് എന്നാല്‍ അതിനോടൊപ്പം നമ്മുടെ നല്ല ഗുണങ്ങളും സമൂഹത്തിനും വരുംതലമുറക്കും ഉപകാരപ്രദമായ രീതിയില്‍ കാണിക്കാന്‍ ഈ ബ്ലോഗര്‍ക്ക് കഴിയണം അതിനായ് ശ്രമിക്കുക

rajesh said...

സത്യപാലന്‍ പറഞ്ഞത്‌ കുറെയൊക്കെ ശരിയാണ്‌, പക്ഷെ-

60 കഴിഞ്ഞാല്‍ ജോലി ചെയ്തുകൂട എന്നുണ്ടോ? ഇവിടെ പലരും അങ്ങനെ ജോലി ചെയ്യാതിരിക്കുന്നത്‌ മക്കളുടെ നിര്‍ബന്ധം മൂലമാണ്‌- "അച്ഛന്‍/ അമ്മ ജോലി ചെയ്താല്‍ ആള്‍ക്കാര്‍ ഞങ്ങളെക്കുറിച്ച്‌ എന്തു വിചാരിക്കും" അല്ലെങ്കില്‍ "എന്റെ സ്റ്റാറ്റസിനു ചേര്‍ന്നതല്ല അച്ഛന്റെ ജോലി/ ബിസിനെസ്സ്‌ അതുകൊണ്ട്‌ അടങ്ങിയൊതുങ്ങി ഇവിടെ ഇരുന്നാല്‍ മതി".

60 കഴിഞ്ഞ പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്നില്ലേ?

പണ്ടായിരുന്നു 60 ആയിക്കഴിഞ്ഞാല്‍ പുരാണവും വായിച്ച്‌ ഒതുങ്ങിക്കൂടിയിരിക്കുന്നത്‌, കാരണം മിക്കവരും 65 ,70 ആകുമ്പോള്‍ മയ്യത്താകുമായിരുന്നു.ഇപ്പ്പ്പോാള്‍ 80 ഉം 90ഉം വയസ്സുള്ളവര്‍ ഒരുപാടുണ്ട്‌ അവരെ നോക്കുന്നതോ അവരുടെ 60ഉം 70ഉം വയസ്സായ്‌ മക്കള്‍ !

ചുമ്മാ എഴുതുന്നതാണു കേട്ടോ ;-)

കൈപ്പള്ളി said...

വിചാരം:
"അതു നമ്മുടെ സംസ്ക്കാരത്തിന്‍റെ ഭാഗമല"
"ഇതു നമ്മുടെ സംസ്കാരറ്റ്തിന്റെ ഭാഗമല്ല"

അരാണ് ഈ "നമ്മള്‍" എന്നു വ്യക്തമാക്കണം.

കേരളത്തില്‍ പഠിച്ച ജീവിച്ച മലയളിയോ?
കേരളത്തില്‍ പഠിച്ച ജീവിച്ച് വിദേശത്ത് ജൊലി ചെയ്യുന്നവരോ?
കേരളത്തില്‍ പഠിച്ച ജീവിച്ച് വിദേശത്ത് ജൊലി ചെയ്യുന്ന മുസ്ലീമുകളോ/ഹൈന്ദവരോ/ക്രൈസ്തവരോ?

ജന്മം കൊണ്ടു മലയാളിയും. മലയാള ഭാഷ അറിയാത്തവനും ഈ "നമ്മളില്‍" പെടുമോ?

ഒരു ഭാഷ കൊണ്ടു മാത്രം ഒരു സംസ്കാരത്തെ വര്‍ണ്ണിക്കാന്‍ ശ്രമിക്കരുത്. അത് ഒന്നിന്റേയും qualifier അല്ല.

കിണറുകളില്‍ നിന്നും പുറത്തിറങ്ങന്‍ ആദ്യം ഭയം തോന്നിയേക്കാം.
പുറത്തിറങ്ങി കഴിഞ്ഞാല്‍ പിന്നെ ആ കിണറ്റിലേക്ക് തിരിച്ചു ഇറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. വീര്‍ക്കും.

ദിവ (എമ്മാനുവല്‍) said...

I agree with you :)