Wednesday, February 7, 2007

കോവിലില്‍ പോലും രക്ഷയില്ല

മലയാള അക്ഷര മാലയില്‍ Q എന്നൊരക്ഷരം ഇല്ലാത്തതിന്റെ കുഴപ്പമേ !

ഞാന്‍ കഴിഞ്ഞയാഴ്ച അടുത്തുള്ള ശിവന്‍ കോവിലില്‍ ഒരു വഴിപാടിന്‌ രസീത്‌ വാങ്ങാന്‍ നില്‍ക്കുകയായിരുന്നു. ഏന്റെ മുന്‍പില്‍ പ്രായമായ രണ്ടു സ്ത്രീകളും ഒരു ചെറുപ്പക്കാരനും ഉണ്ട്‌. ഞങ്ങള്‍ ഇങ്ങനെ സമാധാനമായി നില്‍ക്കുമ്പോള്‍ വേറൊരാള്‍ വന്ന് ഈ Q വിന്റെ മുന്‍പിലോട്ട്‌ അങ്ങു കയറി നിന്നു. മറ്റവരെല്ലാം മുറുമുറുക്കുന്നതല്ലാതെ ഒന്നും പറയാത്തതു കൊണ്ട്‌ ഞാന്‍ ആ ജോലി ഏറ്റെടുത്തു. വളരെ മയമായിട്ട്‌ "ഞങ്ങള്‍ ഇവിടെ ക്യു വില്‍ നില്‍ക്കുകയാണ്‌ " എന്നു പറഞ്ഞു. "അതിനു ഞാന്‍ എന്തു വേണം ? " എന്നു മറു ചോദ്യം. "പ്രത്യേകിച്ച്‌ ഒന്നും വേണ്ട, ഇവിടെ പുറകില്‍ വന്നാല്‍ മതി" എന്നു ഞാന്‍ (ഇപ്പോഴും മയത്തില്‍ തന്നേ)." എനിക്കതിനുള്ള സമയമില്ല " എന്ന് അദ്ദേഹം. "ക്യൂവില്‍ നില്‍ക്ക്ക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക്‌ നില്‍ക്ക്ക്കാം, എന്നെ അതിനു കിട്ടില്ല" എന്ന് അദ്ദേഹം വീണ്ടും മൊഴിഞ്ഞു. കൗണ്ടറില്‍ ഇരിക്കുന്നയാള്‍ ഇതിനകം അയാളുടെ പൈസ വാങ്ങി രസീത്‌ കൊടുത്തുകഴിഞ്ഞു. അങ്ങനെ ഒരു മിടുക്കന്‍ മറ്റുള്ളവരെക്കാള്‍ മുന്‍പില്‍ കയറി കാര്യം സധിച്ചു. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്ന പലര്‍ക്കും ധൈര്യം വന്നു "ഇവന്റെയൊക്കെ അഹങ്കാരം കണ്ടില്ലെ"., "അവന്റെ അമ്മയുടെ പ്രായം ഇല്ലെ നമുക്ക്‌" മുതലായ വാചകങ്ങള്‍ അവിടെ മുഴങ്ങി. ഏന്റെ മുന്‍പില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനോട്‌ എന്താ ഒന്നും മിണ്ടാത്തത്‌ , തന്നെയും അവന്‍ വടിയാക്കിയില്ലെ എന്നു ഞാന്‍ ചോദിച്ചു- "അത്‌ ഞാന്‍ മുഴുവന്‍ കേട്ടില്ല അല്ലെങ്കില്‍ അവനെത്തള്ളി പുറത്താക്കിയേനേ" എന്നു ആ ധൈര്യശാലി യാതൊരു ചമ്മലും ഇല്ലാതെ പറയുന്നത്‌ കേട്ടിട്ട്‌ ഞാന്‍ വണ്ടര്‍ അടിച്ചു പോയി !