Saturday, March 22, 2008

ക്യൂൂവോ എന്തു ക്യൂൂ ?-മലയാളികള്‍ എന്തെങ്കിലും പഠിക്കാനുണ്ടോ ?2

Q എന്നൊരക്ഷരം നമ്മളുടെ ലിപിയില്‍ ഇല്ലാതെ പോയി അതാണ്‌ നമുക്ക്‌ പറ്റിയത്‌ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌.

English ല്‍ ആണെങ്കില്‍ ( എന്റെ മറ്റൊരു ബ്ലോഗില്‍ "പ്രിയ" പറഞ്ഞതിനുശേഷം "ഞാന്‍ പണ്ടു ബിലായത്തില്‍ ആയിരുന്നപ്പോള്‍" എന്നും പറഞ്ഞു തുടങ്ങണ്ട എന്നു വിചാരിച്ചു) നമുക്ക്‌ കുട്ടികളുടെ അടുത്ത്‌ mind your P's and Q's എന്നു പറയാം.ഇതു പറഞ്ഞാല്‍ remember to say Please and Thank you (ThanQ) and remember to stand in the Q if there is one ആണ്‌ അര്‍ഥം എന്ന് കുട്ടികള്‍ക്ക്‌ മനസിലാകും. കാരണം അവര്‍ കണ്ടു വളരുന്നത്‌ അവരുടെ അഛനും അമ്മയും (അല്ലെങ്കില്‍ അമ്മയും boyfriend ഉം എന്തു കോപ്പെങ്കിലും ആകട്ടെ അതല്ല ഇവിടുത്തെ ചര്‍ച്ചാ വിഷയം) ചുറ്റുമുള്ളവരും ഇതൊക്കെ പറയുന്നതാണ്‌. അതുപോലെ ക്യൂവില്‍ നില്‍ക്കാതെ ഇടിച്ചുകയറുന്നവര്‍ ഉണ്ടെങ്കില്‍ തന്നെ അവരെ മറ്റുള്ളവര്‍ പുശ്ചത്തോടെ നോക്കുന്നതാണ്‌ അവര്‍ കണുന്നത്‌.

നമ്മുടെ എത്ര കുട്ടികള്‍ക്ക്‌ ഇങ്ങനെയുള്ള സാമാന്യമര്യാദ ഉണ്ട്‌ എന്നു തന്നെത്താനെ ചോദിക്കുന്നത്‌ നല്ലതാണ്‌ കാരണം മിക്കവര്‍ക്കും ഇല്ല. അതവരറിയുന്നുമില്ല. ചുറ്റുമുള്ളവരെല്ലാം ഇടിച്ചു കയറുന്നത്‌ കാണുന്ന ഒരു കുട്ടിക്കെങ്ങനെ ക്യൂവില്‍ നില്‍ക്കാന്‍ തോന്നും. അവന്റെ മനസില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ മണ്ടന്മാര്‍ (അല്ലെങ്കില്‍ അവനെ വളര്‍ത്തുന്നവരെങ്കിലും ക്യൂവില്‍ നിന്ന് അവനെ കാണിച്ചുകൊടുക്കുമായിരുന്നല്ലോ- അച്ഛനും അമ്മയ്ക്കും വേണ്ടാത്ത മര്യാദ മക്കള്‍ക്കെന്തിന്‌)സാധനം വാങ്ങിക്കുന്നിടത്ത്‌, റ്റിക്കറ്റ്‌ എടുക്കാന്‍, അര്‍ച്ചനയ്ക്ക്‌ പണം അടയ്ക്കാന്‍ എന്നിവയ്ക്കെല്ലാം അവന്‍ കാണുന്നത്‌ തടിമിടുക്ക്‌ കൊണ്ട്‌ അവിടെ നില്‍ക്കുന്നവരുടെ ഇടയില്‍ക്കൂടി ഇടിച്ച്‌ കയറി കാര്യം സാധിക്കുന്നവരെയാണ്‌ അപ്പോള്‍പ്പിന്നെ അവനെന്തിന്‌ ഈ "ക്ണാപ്‌ ക്യൂ".

രംഗം 1.

എവിടെങ്കിലും ഒരു ക്യൂ- റ്റികറ്റ്‌ വാങ്ങാന്‍, മൂത്രം ഒഴിക്കാന്‍,( ഏതാണ്‌ എന്ന് ശരിക്കറിഞ്ഞാലെ പറ്റൂ എന്നു പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്‌ അതിന്‌ അത്ര ഒരുപാടു ക്യൂകളൊന്നും ഭൂമി മലയാളത്തില്‍ ഇല്ലല്ലൊ)

ഒരു ക്യൂ കണ്ടുകഴിഞ്ഞാല്‍ അതു വരെയില്ലാത്ത ധൃതിയാണ്‌ ഓരോരുത്തന്മാര്‍ക്ക്‌. ഇതിപ്പഴെങ്ങാനും അങ്ങെത്തുമോ, വണ്ടി പോയിക്കളയുമോ, റ്റിക്കറ്റ്‌ തീര്‍ന്നു പോകുമോ എന്നിങ്ങനെ പല ചോദ്യങ്ങള്‍ അവന്റെ ചെറിയ മനസില്‍ക്കൂടി മിന്നിമറയുന്നു. (അഞ്ച്‌ മിനിറ്റ്‌ നേരത്തെ എത്തിയിരുന്നെങ്കില്‍ ഈ പ്രശ്നമൊന്ന്നും ഉണ്ടാവില്ല എന്നുള്ള കാര്യം ഇവിടെ പ്രസക്തമല്ല) അവിടെ നില്‍ക്കുന്നവരും എല്ലാ ഇതേ ആവശ്യങ്ങള്‍ക്കായിരിക്കും നില്‍ക്കുന്നത്‌ എന്നു പോലും അവന്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല. "ഒരേ ഒരു ലക്ഷ്യം ശബരിമാമല" എന്നുള്ള പാട്ട്‌ അവന്റെ മനസില്‍ വരുന്നു. പിന്നെ അവന്‍ ലക്ഷ്യത്തില്‍ മാത്രം കണ്ണുള്ള അര്‍ജുനനനെപ്പോലെയാണ്‌. ഇടയ്ക്ക്‌ ആരു നിന്നാലും പ്രശ്നമില്ല. അവന്റെ ലക്ഷ്യം ക്യൂവിന്റെ മുന്നില്‍ എത്തുക എന്നുള്ളതാണ്‌. ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ള നട്ടെല്‍രഹിതര്‍ക്കിടയില്‍ക്കൂടി അവന്‍ ഉന്തിയും തള്ളിയും മുന്നിലെത്തുന്നു. കൗണ്ടെറിനു പുറകിലിരിക്കുന്നവന്‌ വേണമെങ്കില്‍ "പോയി ക്യൂവില്‍ നില്‍ക്കെടാ" എന്നു പറയാം, പക്ഷേ അവന്‍ എന്തിനു പാടുപെടണം? ക്യൂവില്‍ നില്‍ക്കുന്ന മറ്റ്‌ നട്ടെല്‍രഹിതര്‍ക്കില്ലാത്ത ചേതം അവനെന്തിന്‌ ? ക്യൂവിലുള്ളവരുടെ മുറുമുറുപ്പ്‌ തൊട്ടടുത്തു നില്‍ക്കുന്നവനു മാത്രം കേള്‍ക്കാന്‍ വേണ്ടീയാണല്ലോ. ബാക്കി സമയത്തുകാണിക്കുന്ന വീറും വാശിയും ധൈര്യവുമൊന്നും അപ്പോഴില്ല. ഇടിച്ചു കയറിയവന്‍ റ്റിക്കറ്റുമായി "അവിടെ നില്‍ക്കെടാ മണ്ടന്മാരെ" എന്നുള്ള മട്ടില്‍ നോക്കി ഒന്നു ചിരിച്ചിട്ട്‌ സ്ഥലം വിടുന്നു. അയാള്‍ പോയിക്കഴിഞ്ഞ ഉടനെ മുറുമുറുപ്പ്‌ ഉച്ചത്തിലാകുന്നു. എല്ലാവര്‍ക്കും ധൈര്യം എന്തുപെട്ടെന്നാണ്‌ തിരിച്ചു വരുന്നത്‌!

(ക്യൂവില്‍ നില്‍ക്കുന്നവരെയല്ലേ ഞാന്‍ നട്ടെല്‍ രഹിതര്‍ എന്നു പറഞ്ഞത്‌ വിചാരിക്കുന്നവരോട്‌ ഒരു വാക്ക്‌- ക്യൂവില്‍ നില്‍ക്കുന്നവരല്ല,ഇതുപോലെ വല്ലതും നടക്കുമ്പോള്‍ കാണാത്തമട്ടില്‍ നില്‍ക്കുകയും ഞാനെന്തിനു പറയണം എന്ന് ചിന്തിക്കുകയും ചെയ്യുവരെയാണ്‌ ഉദ്ദേശിക്കുന്നത്‌)

രംഗം രണ്ട്‌,

റ്റ്രാഫിക്‌ ലൈറ്റ്‌ ചുവന്നു കിടക്കുന്നു. ഒരു വരിയായി നില്‍ക്കാനുള്ള സ്ഥലമേയുള്ളു. അതൊന്നും കാര്യമാക്കാതെ 4 വരി ഇപ്പോള്‍ തന്നെയുണ്ട്‌ (അറിയാമല്ലോ- ആദ്യമെത്തുന്നവര്‍ എല്ലാവരും ക്യൂവായി അങ്ങു നില്‍ക്കും- ഒന്നിനു പുറകില്‍ ഒന്നായിട്ടുള്ള സാദാ ക്യൂവല്ല. ഇതു "മലയാളിക്യൂ" ഒന്നിന്റെ sideല്‍ ഒന്ന് അപ്പോ ആരും ആരുടെയും പുറകിലായി എന്നു വിഷമിക്കേണ്ടല്ലോ) പിന്നെ വരുന്നവര്‍ സ്ഥലം ഉണ്ടെങ്കില്‍ മുന്‍ നിരയില്‍ ത്തന്നെ നില്‍ക്കാന്‍ ശ്രമിക്കും പക്ഷേ പലപ്പോഴും പിന്‍ തള്ളപ്പെടും അവര്‍ എഞ്ചിനൊക്കെ ഇരപ്പിച്ച്‌ ഞാന്‍ തോറ്റിട്ടില്ല എന്നുള്ള മട്ടില്‍ ഒരു നില്‍പ്‌. ഇതിന്റെ പുറകില്‍ പിന്നേയും പല പല side ക്യൂകള്‍. ലൈറ്റ്‌ പച്ചയാകുമ്പ്പോഴാണ്‌ പ്രശ്നം. ഇവര്‍ക്കെല്ലവര്‍ക്കും കൂടിപോകാനുള്ള സ്ഥലം ഇല്ല. ഇതിനിടയ്ക്ക്‌ ചിലവന്മാരുടെ വണ്ടി ഓഫ്‌ ആകും (ശ്ശോ എന്തൊരു ചമ്മല്‍. കുട്ടപ്പന്റെ ബൈക്ക്‌ ഓഫാവുകയോ ! ശ്ചായ്‌ ലജ്ജാവഹം)പിന്നെ ഒരു ബഹളമാണ്‌ ലൈറ്റ്‌ മാറുന്നതിനു മുന്‍പേ അവിടം കടക്കണമല്ലോ, ഇല്ലെങ്കില്‍ കാണുന്നവര്‍ എന്തു വിചാരിക്കും.

രംഗം മൂന്ന്

(എല്ലം ഞാന്‍ തന്നെ എഴുതണം എന്നു പറഞ്ഞാലോ. നിങ്ങള്‍ക്കിഷ്ടമുള്ള ,കണ്ടിട്ടുള്ള ഒരു രംഗം ഇവിടെ ആയിക്കോട്ടെ)

ദയവു ചെയ്ത്‌------ക്യൂ പാലിക്കുക.എല്ലാവര്‍ക്കും അവരോരുടേതായിട്ടുള്ള ആവശ്യങ്ങള്‍ കാണും. അതില്‍ നിങ്ങളുടെത്‌ കൂടുതല്‍ important ആകുന്നതെങ്ങനെ?

10 comments:

rajesh said...

Q എന്നൊരക്ഷരം നമ്മളുടെ ലിപിയില്‍ ഇല്ലാതെ പോയി അതാണ്‌ നമുക്ക്‌ പറ്റിയത്‌ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌

അപ്പു ആദ്യാക്ഷരി said...

രാജേഷ്, ഒപ്പ്. പറഞ്ഞകാര്യങ്ങളോട് യാതൊരു വിയോജിപ്പും ഇല്ല.

ജോണ്‍ജാഫര്‍ജനാ::J3 said...

രംഗം 3,

കുറേ വര്‍ഷത്തിനു ശേഷം കേരളത്തിലെത്തിയ ഒരു ഫാമിലി തെക്കു നിന്ന് വടക്കോട്ട് എന്‍ എച്ച് വഴി കാറില്‍ പോകുന്നു
ഇടക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി സാമാന്യം ഭേദപ്പെട്ട ഒരു റെസ്റ്ററണ്ടിനു മുമ്പില്‍ നിര്‍ത്തി,
വൈകുന്നേര സമയം അല്പം തിര‍ക്കുണ്ട് ഫുഡിനോഡര്‍ ചെയ്തിട്ട് വെയിറ്റ് ചെയ്തുകൊണ്ടിരുന്ന ഭര്‍ത്താവ് കൈകഴുകാന്‍ പോയ ഭാര്യയും കുഞ്ഞും താമസിക്കുന്നതെന്താണെന്ന് നോക്കാന്‍ ചെന്നപ്പോള്‍ അന്തം വിട്ടു.
കൈകഴുകി കൊണ്ടിരുക്കുന്നവര്‍ മാറട്ടെ എന്നു കരുതി അല്‍‌പം പിന്നിലായി കുഞ്ഞുമായി ഭാര്യ നില്ക്കുന്നു, മാന്യന്‍ മാരായ കസ്റ്റമേഴ്സ് അവള്‍ നില്‍ക്കുന്നിതിനടയിലൂടെ തള്ളിക്കയറി കൈകഴുകി പോകുന്നു , കൂട്ടത്തില്‍ ചില മാന്യ വനിതകളും.

ക്ഷമയോടെ കാത്തു നില്‍ക്കുന്ന അവളെ മൈന്‍ഡ് പോലുംചെയ്യാതെ തള്ളിക്കയറിയ ഒരുത്തനേ പിറകില്‍നിന്നും ഷര്‍ട്ടിനു പിടിച്ചു വലിച്ചു കാണിച്ചു കൊടുക്കേണ്ടി വന്നു, പിറകില്‍ നില്‍ക്കുന്ന അമ്മയേയും കുഞ്ഞിനേയും നോക്കിയിട്ട് ചമ്മലോടെ ഓ ഞാന്‍ കണ്ടില്ലാരുന്നു എന്നു പറഞ്ഞ് മാറിത്തന്നു.

രംഗം 4

ഇതേ കുടുംബം .
ഡ്രൈവിങ്ങില്‍ കോണ്‍ഫിഡെന്റാ‍ണെന്ന് വിചാരിക്കുകയും ചില ഡെവലപ്ഡ് കണ്ട്രികളില്‍ വര്‍ഷങ്ങളോളം ‍ വണ്ടിയോടിച്ച് പരിചയമുള്ളതുമായ ആളാണ് ഭര്‍ത്താവ്,
അങ്ങേര്‍,ഒരു കാര്‍ ഡ്രൈവ് ചെയ്തുകൊണ്ട് ചെറിയ പോകെറ്റ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറാനായി കാത്തു നില്‍ക്കുന്നു.
മെയിന്‍ റോഡില്‍ തിരക്ക് അല്പം അധികം
തിരക്ക് ഒഴിഞ്ഞിട്ട് മുന്നോട്ട് വണ്ടി എടുക്കാന്‍ ആയി വെയിറ്റ് ചെയ്യുന്നു,
പിറകിലോരു ഓട്ടോര്‍ഷായില്‍ കുറേ ചെറുപ്പക്കാര്‍ അക്ഷമരാവുന്നു ഹോണടിക്കുന്നു, ആക്സിലേറ്റര്‍ കൂട്ടി മുന്നിലെ ഡ്രൈവറുടെ ക്ഷമയെ പരിശോധിക്കുന്നു, ഓടിക്കാന്‍ അറിയില്ലെങ്കില്‍ റോഡില്‍ നിന്നെടുത്ത് മാറ്റടേ എന്ന് കളിയാക്കുന്നു.
എന്നിട്ടും കലിതീരാതെ വലതു വശത്ത് കൂടെ ചീറിപ്പാഞ്ഞു പോകുന്ന ഓണ്‍ ഗോയിങ്ങ് ട്രാഫിക്കിലേക്ക് ചെറിയെ തള്ളിക്കയറ്റുന്നു ഹോണില്‍ അമര്‍ത്തിപ്പിടിക്കുന്നു,
ഇനി മെയിന്‍ റോഡിലെ ട്രാഫിക്കിലെക്ക് ക്യാമറ നീങ്ങുന്നു.,
ചിലര്‍ ബ്രേക് ചെയ്യുന്നു ശബ്ദം കേള്‍ക്കാം , ചിലര്‍ ഹോണ്‍ തിരിച്ചടിക്കുന്നു ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളുടെ ടയറുകള്‍ നിലത്തുയരുന്ന ശബ്ദവും കേള്‍ക്കാം ആകെ ബഹളം അതിന്നിടയിലൂടെ ആ ഓട്ടോര്‍ഷ പരിക്കു പറ്റാതെ അപ്രത്യക്ഷമായി.
കാറിന്റെ ഡ്രൈവര്‍ അടുത്ത സമയത്ത് കേട്ട ഒരു തമാശ ഓര്‍ത്തിരുന്നു പോയി, അതുകൂടെ എഴുതട്ടെ, ഒരു ശവസംസ്ക്കാര ശുശ്രൂഷയില്‍ പ്രസംഗിച്ച ഒരു വികാരി പറഞ്ഞത് ,
വിശ്വാസികളേ നിങ്ങള്‍ വിഷമിക്കരുത്, ഒരു മനുഷ്യന്‍ ഇഹലോകവാസം വെടിയുന്നതും , ഓരു ഓട്ടോര്‍ഷ തിരിയുന്നതും പ്രവചിക്കാന്‍ മനുഷ്യന്‍ അശക്തനാണ് ഇതൊക്കെ ദൈവ നിയോഗമെനോര്‍ത്ത് സമധാനിക്കൂ:):)

Radheyan said...

ദുബായി അനുഭവം വെച്ച് നോക്കിയാല്‍ ഇത് മലയാളിയുടെ മാത്രം കുത്തകയാണെന്ന് പറയാന്‍ കഴിയില്ല.

സൈഡ് റോഡിലേക്ക് യെല്ലൊ ക്രോസ് ചെയ്തു കയറുന്ന കലാപരിപാടിക്ക് കുത്തികയറ്റം എന്ന് ഓമനപ്പേര്‍ തന്നെ ഉണ്ട്.ഇതില്‍ പാക്കിസ്താനികളും ബംഗാളികളും ബോംബെക്കാരുമായി അത്ര ആരോഗ്യകരമല്ലാത്ത ഒരു മത്സരം തന്നെ ഞങ്ങള്‍ മലയാളികള്‍ നടത്തുന്നു.ഇതിന്റെ അപ്പുറമാണ് അറബികള്‍, അവര്‍ക്ക് പിന്നെ ഇവിടെ അടുപ്പിലും അപ്പിയിടാമല്ലോ.

പിന്നെ ജോണ്‍ ജാഫര്‍.., അത് ഓട്ടോറിക്ഷാ അല്ലേ ഓട്ടോര്‍ഷ എന്നെഴുതിയത് കൊളോക്കിയല്‍ ശൈലിയില്‍ ഒന്ന് കൊളമാക്കിയതാണ് എന്ന് കരുതട്ടെ.

ജോണ്‍ജാഫര്‍ജനാ::J3 said...

അതെ രാധേയന്‍, ഓട്ടോയില്‍ ശരിക്കും അവനല്ലേ ഷാ:)

ആട്ടോ എന്നൊക്കെ ഓമനയായി വിളിക്കുന്നതും ലവനെ തന്നെയല്ലേ?

rajesh said...

ജോണ്‍ ജാഫറിനു നന്ദി.

ഈ രണ്ടു സംഭവങ്ങളും എനിക്കും പറ്റിയതാണ്‌ (നാട്ടില്‍ തിരിച്ചു വന്നപ്പോള്‍ ഇങ്ങനെ പറ്റി എന്നെഴുതിയാല്‍ ആരെങ്കിലും "ബിലായത്തില്‍ പോയതിന്റെ attitude കാണിച്ചതുകൊണ്ടല്ലേ ഇങ്ങനെ പറ്റിയത്‌" എന്ന് ചോദിച്ചാലോ എന്നു വിചാരിച്ക്‌ എഴുതിയില്ല എന്നേ ഉള്ളു.;-)

rajesh said...

അപ്പു നന്ദി.

ആദ്യം അപ്പു എഴുതിയതുകൊണ്ട്‌ ശകുനം ശരിയായി എന്നു തോന്നുന്നു.ഇത്തവണ ഇതു വരെ വലിയ ചീത്തവിളി ഒന്നും കേള്‍ക്കേണ്ടി വന്നില്ല :-)

മായാവി.. said...

രണ്ടനുഭവങ്ങളും എനിക്കുമുള്ളതാണ്. ഒരിക്കലല്ല, പലതവണ, ഹോട്ടലിലും, റോഡീലും..!!!എന്റെ വണ്ടിയുടെ മുന്നിലും വണ്ടികളുണ്ട് പുറകിലു വന്നവന്‍ തെരു തെരാ ഹോണടിക്കുന്നു.. ചിലസമയത്ത്ഞാന്‍ വണ്ടിയൊതുക്കി(വീതിയുള്ളറോഡെങ്കില്) പുറകിലു വന്നവനോട് ചോദിക്കും സുഹൃത്തെ ഇങ്ങനെ ഹോണടീച്ചാ ട്രാഫിക് ബ്ളോക്ക് മാറൂമോന്ന് മിക്കതും ഒരിളിഭ്യച്ചിരിചിരിക്കും, ചിലവ വെട്ടാനോങ്ങുന്ന പോത്തിനെപ്പോലെ നോക്കും, സംസ്കാരം കാശ്കൊടുത്താല്‍ കിട്ടില്ല.

rajesh said...

നന്ദി മായാവി,

പ്രശ്നം അതു തന്നെയാണ്‌. സംസ്കാരം കാശു കൊടുത്തുവാങ്ങാമായിരുന്നെങ്കില്‍ പലരും പത്തുപതിനഞ്ചെണ്ണം വാങ്ങി വച്ചേനേ ;-)

സംസ്കാരം എന്നുള്ളത്‌ കയ്യൂക്കില്ലാത്തവന്റെ ,ധൈര്യമില്ലാത്തവന്റെ, പ്രതികരണ ശേഷിയില്ലാത്തവന്റെ ഒക്കെ ഒരു ലക്ഷണം ആയിക്കാണൂന്നതാണ്‌ നമ്മുടെ കുഴപ്പം. തള്ളാതെ നിന്നുകഴിഞ്ഞാല്‍ "ഇവനാരെടാ സായിപ്പോ" എന്നുള്ള മട്ടില്‍ ഒരു നോട്ടം.

പുറകില്‍ നിന്നു ഹോണ്‍ അടിച്ചാല്‍ ഞാനിപ്പോ കൈ വെളിയില്‍ ഇട്ട്‌ മോളിലോട്ട്‌ "എന്തരെടേ" എന്ന മട്ടില്‍ ഒന്ന് ആക്കും. പലരും കുറച്ചുനേരത്തേയ്ക്ക്‌ ഒന്നടങ്ങും.

അപ്പു ആദ്യാക്ഷരി said...

നാട്ടിലെത്തി കാര്‍ എടുത്തുകൊണ്ട് റോഡിലേക്കിറങ്ങിയാല്‍ എനിക്കും അനുഭവത്തിലുള്ളകാര്യമാണ് ഇവിടെ പലരും എഴുതിയത്. രാധേയാ, നമ്മള്‍ ഇവിടെ ഷാര്‍ജയിലും ദുബായിയിലും ഒക്കെ കുത്തിക്കയറ്റം ദിവസേനകാണുന്നതാണെങ്കിലും അതിന് ഗള്‍ഫിന്റേതായ ഒരു കുത്തിക്കയറ്റല്‍ സ്റ്റാന്‍ഡാര്‍ഡ് ഉണ്ടല്ലോ. കാറിനെ മാത്രം നോക്കിയാല്‍ മതിയല്ലോ ഇവിടെ. ബൈക്കുകാരെയും, നൂറ് ഓട്ടോ ഷാമാരെയും പേടിക്കേണ്ടല്ലോ.

രാജേഷെ.. ഇനിയും ഉണ്ട് ക്യൂ കഥകള്‍. പ്ലെയിനില്‍ ബോര്‍ഡിംഗിനുള്ള അനൌണ്‍സ്മെന്റ് കഴിഞ്ഞാല്‍ ഒന്നു നോക്കിക്കേ. എന്തിനു പറയുന്നു, മറ്റുരാജ്യങ്ങളിലെ ഇന്റര്‍ നാഷന്റല്‍ എയര്‍പോര്‍ട്ടുകളില്‍ വച്ചായാലും എയര്‍ ഇന്ത്യയുടെ യാത്രക്കാര്‍ പെരുമാറുന്നത് ഒന്നു ശ്രദ്ധിച്ചുനോക്കൂ. നമ്മുടെ നാട്ടിലാണെങ്കില്‍ ഏത് എയര്‍ ലൈന്‍ എന്നു നോക്കേണ്ട, എല്ലാ പ്ലെയിനിലും ബോര്‍ഡിംഗ് ചെയ്യുന്നത്, ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറുന്നതിനേക്കള്‍ അല്‍പ്പം കൂടിമാന്യമായ രീതിയിലാണെന്നുമാത്രം - ക്യൂ ഒക്കെ കണക്കുതന്നെ. ദോഷം പറയരുതല്ലോ, ഇക്കാര്യത്തില്‍ നമ്മോടൊപ്പം മറ്റൊരു ജനതയുണ്ട്. ശ്രീലങ്കന്‍ എയര്‍വെയ്സില്‍ തമിഴ് മക്കള്‍ കയറുന്നതെങ്ങനെയെന്ന് എപ്പോഴെങ്കിലും സൌകര്യപ്പെട്ടാല്‍ ഒന്നു ശ്രദ്ധിച്ചുനോക്കൂ.