Tuesday, February 13, 2007

"പാശ്ചാത്യ സംസ്കാരം" - മണ്ണാംകട്ട !

എപ്പേ്പ്പാഴും നമ്മള്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്‌- നമ്മുടെ കുട്ടികള്‍ "ചീത്തയാവാന്‍" കാരണം പാശ്ചാത്യ സംസ്കാരത്തിന്റെ അതി പ്രസരം ആണെന്നും അതില്ലായിരുന്നുവെങ്കില്‍ എല്ലാവരും കൊച്ചുമിടുക്കന്മാരും മിടുക്കികളും ആയി വളര്‍ന്നു വന്നേനെ എന്നു മറ്റും ! "നമ്മുടെ ഭാരതീയ സംസ്കാരത്തിനു" ചേര്‍ന്ന രീതിയിലുള്ള ജീവിതത്തെക്കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കന്മാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്‌.

ഇംഗ്ലിഷ്‌ സിനിമയില്‍ക്കാണുന്ന മദ്യപാനവും, കെട്ടി മറിയലും അല്ല "പാശ്ചാത്യ സംസ്കാരം.കുറച്ച്‌ കാലമെങ്കിലും (ഏതാണ്ട്‌ 8 വര്‍ഷം) ഇംഗ്ലണ്ടില്‍ താമസിച്ച്‌ ജോലി ചെയ്ത പരിചയം വെച്ചു തന്നെ പറയട്ടെ- മറ്റുള്ളവരെക്കുറിച്ചുള്ള പരിഗണന - consideration for others- ആണ്‌ ഈ സംസ്കാരത്തിന്റെ മുഖശ്ചായ. എവിടെ വച്ചാണെങ്കിലും നമുക്ക്‌ അത്‌ തെളിഞ്ഞു കാണാം.

നമ്മുടെ മുന്നില്‍ പോകുന്ന ആള്‍ ഒരു വാതില്‍ തുറന്നു ഉള്ളിലേക്കു പ്രവേശിക്കുമ്പോള്‍ തൊട്ടൂ പുറകേ വരുന്ന നമുക്കു വേണ്ടി തുറന്നു പിടിക്കുന്നു; അല്ലാതെ തള്ളീത്തുറന്നു കയറിയിട്ട്‌ പിറകില്‍ വരുന്നവന്റെ മുഖത്തടിക്കാന്‍ പാകത്തില്‍ അതു വിടുന്നില്ല.

ഒരു വാതിലിന്റെ മുന്നില്‍ രണ്ടു പേര്‍ ഒരുമിച്ച്‌ എത്തിയാല്‍ "താങ്കള്‍ക്ക്‌ പിന്നാലേ ഞാന്‍ കയറിക്കോളാം" - after you, sir- എന്നു പറഞ്ഞ്‌ കാത്തു നില്‍ക്കുന്നു- അല്ലാതെ "കാത്തു നില്‍കുന്നവന്‍ മണ്ടന്‍" എന്ന മട്ടില്‍ ഇടിച്ചു കയറുന്നില്ല.

അതുപോലെ തന്നെ Q വിന്റെ കാര്യം. എത്ര ധൃതിയുണ്ടെങ്കിലും നമ്മുടെ മുന്നില്‍ നില്‍ക്കുന്നവന്റെ കാര്യം കഴിഞ്ഞിട്ട്‌ എന്റെ കാര്യം എന്ന മട്ടില്‍ നില്‍ക്കുന്നു ആദ്യം വന്ന ആളിന്റെയാണ്‌ ആദ്യത്തെ അവസരം -first come firt served എന്നുള്ള പെരുമാറ്റച്ചട്ടം എല്ലാവരും പാലിക്കുന്നു.

വയസ്സായവരോ, നില്‍ക്കാന്‍ ബുധ്ധിമുട്ടുള്ളവരോ നില്‍ക്കുന്നുണ്ടെങ്കില്‍ എഴുന്നേറ്റ്‌ സീറ്റ്‌ അവര്‍ക്കു നല്‍കുന്നു. അങ്ങനെയുള്ളവര്‍ക്കു വേണ്ടി പലയിടത്തും (ബസ്സുകള്‍ ഉള്‍പ്പടെ)സീറ്റ്‌ മാറ്റിവച്ചിരിക്കുന്നു.

റോഡ്‌ മുറിച്ച്‌ കടക്കാന്‍ ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുന്നു അല്ലാതെ അവരെ ഇടിച്ചിടുന്ന മട്ടില്‍ അവരുടെ ഇടയില്‍ക്കൂടി ചീറിപ്പാഞ്ഞ്‌ തന്റെ "കഴിവ്‌" (കേട്‌)പ്രദര്‍ശിപ്പിക്കുന്നില്ല.

സിഗ്നല്‍ കിട്ടാന്‍ വേണ്ടിയോ ,ജംഷനിലോ ക്യു ആയി നിര്‍ത്തിയിരിക്കുന്ന വാഹനങ്ങളുടെ ഇടയില്‍ക്കൂടി ഏറ്റവും മുന്‍പില്‍ ചെന്ന് "ഞാന്‍ എത്ര മിടുക്കന്‍" എന്ന മട്ടില്‍ നില്‍ക്കുന്നില്ല.

വാഹനം പാര്‍ക്ക്‌ ചെയ്യുന്നതിനു മുന്‍പ്‌ അതുകാരണം മട്ടുള്ളവര്‍ക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന് ചിന്തിച്ചതിനു ശേഷം മാത്രം പാര്‍ക്ക്‌ ചെയ്യുന്നു. അല്ലാതെ "എനിക്ക്‌ ഈ മുറുക്കാന്‍ കടയുടെ മുന്നില്‍ത്തന്നെ പാര്‍ക്ക്‌ ചെയ്യണം" എന്നും പറഞ്ഞ്‌ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടു തന്നെ പാര്‍ക്ക്‌ ചെയ്ത്‌ തന്റെ "സംസ്കാരം" പ്രദര്‍ശിപ്പിക്കുന്നില്ല.

പിന്നെ മദ്യപാനം-- അതു നമ്മള്‍ വിചാരിക്കുന്നതു പോലെ അത്ത്രയൊന്നുമില്ല- വേണോ എന്നു ചോദിക്കും - വേണ്ടെങ്കില്‍ വേണ്ട അത്രേയുള്ളു- "company sake" ഉം മറ്റും നമ്മള്‍ ഉണ്ടാക്കിയ ഒരോ ദുര്‍ബല കാരണങ്ങള്‍ മാത്രം. എത്രയോ തവണ എന്റടുത്ത്‌ കുടിക്കുന്നോ എന്ന് ചോദിച്ചിട്ടുണ്ട്‌ ഇല്ല എന്ന ഒറ്റ വാക്കില്‍ അത്‌ നിന്നിട്ടുമുണ്ട്‌. അല്ലതെ "നീ എന്തോന്നെടെ ഒരു കമ്പനി സ്പിരിറ്റ്‌ ഇല്ലാത്തവന്‍" നീ എന്തോന്ന് പുണ്യവാളനോ മുതലായ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായിട്ടീല്ല (ചിലപ്പൊ അവര്‍ക്ക്‌ മലയാളം അറിഞ്ഞുകൂടാത്തതു കൊണ്ടുമാകാം !)

അപ്പോ നമ്മള്‍ ചെയ്തത്‌ ഇത്ര മാത്രം - അവരുടെ നല്ല കാര്യങ്ങളൊക്കെ തള്ളിക്കളഞ്ഞു എന്നിട്ട്‌ എന്തൊക്കെ ചീത്തത്തരങ്ങള്‍ ഉണ്ടോ അതിനെ "സംസ്ക്കാരം" എന്ന പേരും നല്‍കി ഇങ്ങോട്ടിങ്ങെടുത്തു !

Thursday, February 8, 2007

എന്‍ക്വയറി കൗണ്ടര്‍

ഈയിടെ ഞാന്‍ ഒരു ഓഫീസിലെ എന്‍ക്വയറി കൊവ്ണ്ടെരിനു മുന്നില്‍ നില്‍ക്കുകയായിരുന്നു.ഏന്റെ മുന്‍പില്‍ ഒരു 4 ഓ 5 ഓ പേര്‍ കാണും. പെട്ടെന്ന്‌ ഒരു "മാന്യ ദേഹം" ക്യു വില്‍ നില്‍ക്കാതെ മുന്നിലേക്ക്‌ തള്ളിക്കയറി. ആരും ഒന്നും മിണ്ടുന്നില്ല.

ഞാന്‍ വിടുമോ - "സാറെന്താ ക്യുവില്‍ നില്‍ക്കാതെ ഇങ്ങനെ തള്ളിക്കെറുന്നത്‌ " എന്ന ചോദ്യത്തിന്‌ മറുപടിയില്ല ഒരു ചെറഞ്ഞുള്ള നോട്ടം മാത്രം ("ഇവന്‍ ആരെടേ ഈ പുഴു" എന്ന മട്ടില്‍ ).

വീണ്ടും ഞാന്‍- "ഞങ്ങള്‍ എല്ലാവരും ക്യു വില്‍ നില്‍ക്കുകയാണ്‌"

" എനിക്ക്‌ ഒരു ചെറിയ കാര്യം ചോദിച്ചാല്‍ മതി അതുകൊണ്ടാണ്‌ ഇടക്കു കയറിയത്‌".

"ഞങ്ങളും ഒക്കെ ചെറിയ കാര്യങ്ങള്‍ ചോദിക്കാന്‍ ആയിത്തന്നെയാണ്‌ എന്‍ക്വയറി കൗണ്ടെറില്‍ നില്‍ക്കുന്നത്‌ സാറെ"

"വേറെ ആര്‍ക്കും പരാതിയില്ലല്ലോ, തനിക്കെന്താ ഇത്ര പ്രശ്നം?"

ഇത്രയും നേരവും ഇതു കേട്ടുനിന്നതല്ലാതെ ഒരക്ഷരവും എന്റെ സഹ "ക്യൂ വന്മാര്‍" ഉരിയാടുന്നില്ല എന്നുള്ളത്‌ എനിക്ക്‌ വലിയ അത്ഭുതമായിത്തോന്നി.ഭാഗ്യത്തിനു അവിടുത്തെ സെക്യുരിറ്റി ഈ മാന്യദേഹത്തെ പിടിച്ച്‌ പുറകില്‍ കൊണ്ടു പോയി നിര്‍ത്തി.

കുറച്ചു നേരത്തെക്ക്‌ പുറകില്‍ നിന്ന് "അവന്റെ അഹങ്കാരം കണ്ടില്ലെ" മുതലായ വാചകങ്ങള്‍ കേള്‍ക്കമായിരുന്നു.

Wednesday, February 7, 2007

കോവിലില്‍ പോലും രക്ഷയില്ല

മലയാള അക്ഷര മാലയില്‍ Q എന്നൊരക്ഷരം ഇല്ലാത്തതിന്റെ കുഴപ്പമേ !

ഞാന്‍ കഴിഞ്ഞയാഴ്ച അടുത്തുള്ള ശിവന്‍ കോവിലില്‍ ഒരു വഴിപാടിന്‌ രസീത്‌ വാങ്ങാന്‍ നില്‍ക്കുകയായിരുന്നു. ഏന്റെ മുന്‍പില്‍ പ്രായമായ രണ്ടു സ്ത്രീകളും ഒരു ചെറുപ്പക്കാരനും ഉണ്ട്‌. ഞങ്ങള്‍ ഇങ്ങനെ സമാധാനമായി നില്‍ക്കുമ്പോള്‍ വേറൊരാള്‍ വന്ന് ഈ Q വിന്റെ മുന്‍പിലോട്ട്‌ അങ്ങു കയറി നിന്നു. മറ്റവരെല്ലാം മുറുമുറുക്കുന്നതല്ലാതെ ഒന്നും പറയാത്തതു കൊണ്ട്‌ ഞാന്‍ ആ ജോലി ഏറ്റെടുത്തു. വളരെ മയമായിട്ട്‌ "ഞങ്ങള്‍ ഇവിടെ ക്യു വില്‍ നില്‍ക്കുകയാണ്‌ " എന്നു പറഞ്ഞു. "അതിനു ഞാന്‍ എന്തു വേണം ? " എന്നു മറു ചോദ്യം. "പ്രത്യേകിച്ച്‌ ഒന്നും വേണ്ട, ഇവിടെ പുറകില്‍ വന്നാല്‍ മതി" എന്നു ഞാന്‍ (ഇപ്പോഴും മയത്തില്‍ തന്നേ)." എനിക്കതിനുള്ള സമയമില്ല " എന്ന് അദ്ദേഹം. "ക്യൂവില്‍ നില്‍ക്ക്ക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക്‌ നില്‍ക്ക്ക്കാം, എന്നെ അതിനു കിട്ടില്ല" എന്ന് അദ്ദേഹം വീണ്ടും മൊഴിഞ്ഞു. കൗണ്ടറില്‍ ഇരിക്കുന്നയാള്‍ ഇതിനകം അയാളുടെ പൈസ വാങ്ങി രസീത്‌ കൊടുത്തുകഴിഞ്ഞു. അങ്ങനെ ഒരു മിടുക്കന്‍ മറ്റുള്ളവരെക്കാള്‍ മുന്‍പില്‍ കയറി കാര്യം സധിച്ചു. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്ന പലര്‍ക്കും ധൈര്യം വന്നു "ഇവന്റെയൊക്കെ അഹങ്കാരം കണ്ടില്ലെ"., "അവന്റെ അമ്മയുടെ പ്രായം ഇല്ലെ നമുക്ക്‌" മുതലായ വാചകങ്ങള്‍ അവിടെ മുഴങ്ങി. ഏന്റെ മുന്‍പില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനോട്‌ എന്താ ഒന്നും മിണ്ടാത്തത്‌ , തന്നെയും അവന്‍ വടിയാക്കിയില്ലെ എന്നു ഞാന്‍ ചോദിച്ചു- "അത്‌ ഞാന്‍ മുഴുവന്‍ കേട്ടില്ല അല്ലെങ്കില്‍ അവനെത്തള്ളി പുറത്താക്കിയേനേ" എന്നു ആ ധൈര്യശാലി യാതൊരു ചമ്മലും ഇല്ലാതെ പറയുന്നത്‌ കേട്ടിട്ട്‌ ഞാന്‍ വണ്ടര്‍ അടിച്ചു പോയി !