Sunday, November 11, 2007

നടന്നു പോകുമ്പോള്‍ ചെയ്യുന്നതെല്ലാം .

ചുമ്മാ നടന്നു പോകുമ്പോള്‍ നമ്മള്‍ എന്തെല്ലാം ചെയ്യുമോ അതെല്ലാം നമ്മള്‍ അതേ നിസ്സംഗതയോടുകൂടിത്തന്നെ വാഹനത്തിലിരുന്നും (പ്രത്യേകിച്ചും ഇരുചക്രവാഹനത്തില്‍) ചെയ്യും.

വിശ്വാസമില്ലേ ? ഇതു നോക്കൂ.


(1)ഓരോന്നാലോചിച്ച്‌ ("വായില്‍നോക്കി") നടന്നു പോകുമ്പോള്‍ ആണ്‌ പാലു വാങ്ങിക്കണമെന്ന് വീട്ടില്‍ നിന്നു പറഞ്ഞത്‌ പെട്ടെന്ന് ഓര്‍മ്മ വരുന്നത്‌.എന്താണ്‌ നാം ചെയ്യുന്നത്‌? ഒരൊറ്റ തിരിവ്‌- വലത്തോട്ടോ ഇടത്തോട്ടോ എന്നു നോട്ടമില്ല എവിടെയാണ്‌ മില്‍മ ബൂത്ത്‌ എന്നു വച്ചാല്‍ അങ്ങോട്ട്‌- ബൈക്കിലും ഇതു തന്നെയല്ലേ ചെയ്യാറുള്ളത്‌?


(2) നേരത്തെ പറഞ്ഞതുപോലെ വായില്‍നോക്കി നടക്കുമ്പോള്‍ ആണ്‌ ഒരു "റ്റ്രീങ്ങ്‌, റ്റ്രീങ്ങ്‌"- എന്തോ ഒരു "അത്യാവശ്യ" ഫോണ്‍ വരുന്നു. (നമുക്കു വരുന്നതെല്ലാം "himportant calls" ആണല്ലോ- ഉടനെ എടുത്തിലെങ്കില്‍ എന്താ സംഭവിക്കുക എന്നാര്‍ക്കരിയാം).ബൈക്കിലാണെങ്കില്‍ ഇനിയൊരു സര്‍ക്കസ്‌ തന്നെ കാണാം. ഒരു കൈകൊണ്ട്‌ ബൈക്ക്‌ ബാലന്‍സ്‌ ചെയ്തുകൊണ്ട്‌ മറ്റേ കൈ പോക്കറ്റില്‍ പരതുന്നു.തിരിച്ചെടുക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്നറിയാമെങ്കിലും ടൈറ്റ്‌ പാന്റിന്റെ മുന്നിലെ പോക്കറ്റിലേ ഇടൂ. ഈ പോക്ക്റ്റില്‍ പരണ്ടുന്ന സമയം മുഴുവന്‍ ബൈക്ക്‌ ഒറ്റക്കൈയ്യില്‍ ഓടുകയാണ്‌. ആടിയാടിയുള്ള ഈ പോക്കിനിടയില്‍ വണ്ടി ഇടിച്ചു ചത്തില്ലെങ്കില്‍ എങ്ങനെയും ഫോണ്‍ എടുത്ത്‌ സംസാരിച്ചിരിക്കും.


(3) "അതാ കുട്ടപ്പന്‍" - റോഡിന്റെ അപ്പുറത്ത്‌ നില്‍ക്കുന്ന സുഹ്ര്ത്തിനെകാണ്ടാല്‍ നാം എല്ലാം മറക്കും.പിന്നെ ഒരൊറ്റതിരിച്ചിലാണ്‌- ഇടിയ്ക്കാതിരിക്കാന്‍ പാടുപെട്ട്‌ ചവിട്ടി നിര്‍ത്തുന്ന മറ്റു ഡ്രൈവര്‍മാരുടെ മടക്കിയ നടുവിരലുകളും,തള്ളയെവിളികളും കേള്‍ക്കാത്തമട്ടില്‍ അതിനൊക്കെ അതീതനായി മന്തം മന്തം (മനപ്പൂര്‍വം എഴുതിയതുതന്നെ- ന്ദ എഴുതാന്‍ വയ്യാഞ്ഞിട്ടല്ല) കുട്ടപ്പന്റെ അടുത്തേയ്ക്ക്‌.

ഒരു മിനിറ്റ്‌ സൊള്ളുന്നു.

തിരിച്ച്‌ മുന്‍പിന്‍ നോക്കാതെ മറുവശത്തേയ്ക്ക്‌ !

(4)എന്തെങ്കിലും അത്യാവശ്യമുള്ളപ്പോള്‍ നടത്തയ്ക്ക്‌ സ്പീഡ്‌ കൂടുന്നതുപോലെതന്നെയല്ലെ വണ്ടിയ്ക്കും സ്പീഡ്‌ കൂടുന്നത്‌. നടത്തയ്ക്ക്‌ സ്പീഡ്‌ ലിമിറ്റ്‌ ഇല്ലെങ്കിലും വണ്ടിക്ക്‌ ഉണ്ട്‌ എന്നുള്ള കാര്യം നാം ഓര്‍ക്കാറേയില്ല,ഉണ്ടോ?

(5) നടക്കുമ്പോള്‍ ആരും ഹെല്‍മെറ്റ്‌ വയ്ക്കേണ്ട കാര്യമില്ല.നടക്കുമ്പോള്‍ എത്രയോപേര്‍ സ്ലാബിലും, കുഴിയിലും തട്ടി വീഴുന്നു അവരെല്ലാം ഹെല്‍മെറ്റ്‌ വച്ചിട്ടാണോ ചാവാതെ രക്ഷപ്പെടുന്നത്‌? അതുപോലെയല്ലേ ഉള്ളു ബൈക്കില്‍ നിന്ന് വീണാലും,പിന്നെന്തിന്‌ ഹെല്‍മെറ്റ്‌?

7 comments:

rajesh said...

വലത്തോട്ടോ ഇടത്തോട്ടോ എന്നു നോട്ടമില്ല എവിടെയാണ്‌ മില്‍മ ബൂത്ത്‌ എന്നു വച്ചാല്‍ അങ്ങോട്ട്‌-

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല പോസ്റ്റ് രാജേഷ്.

rajesh said...

നന്ദി, വാല്മീകി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രോഷപ്രകടനം നന്നായീ. കുറുകെ ചാടിയവനെ ഇറങ്ങിപ്പോയി ഒന്നു പൊട്ടിക്കായിരുന്നില്ലെ?

Meenakshi said...

യാത്രക്കിടയില്‍ നമുക്ക്‌ എപ്പോഴും സംഭവിക്കാവുന്ന അശ്രദ്ധകളെപ്പറ്റിയുള്ള രാജേഷിണ്റ്റെ ബ്ളോഗ്‌ ഇഷ്ടപ്പെട്ടു. ബൈക്കോടിക്കുമ്പോള്‍, മൊബൈല്‍ ഉപയോഗിക്കുന്നത്‌ വലിയ അപകടമാണ്‌, രാജേഷിണ്റ്റെ ബ്ളോഗ്‌ വായിച്ചിട്ടെങ്കിലും നമ്മള്‍ കൂടുതല്‍ ശ്രദ്ധയോടെ വണ്ടി ഓടിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

rajesh said...

നന്ദി ചാത്തന്‍. ഈ കുറുകെ ചാടുന്നവനെ ഒക്കെ പൊട്ടിക്കാനിരുന്നാല്‍ എനിക്കതിനെ സമയം കാണൂ എന്നു തോന്നുന്നു. എന്റെ ബലമായ സംശയം ഇവന്മാര്‍ ഞാന്‍ വരാന്‍ വേണ്ടി കാത്തു നില്‍ക്കും എന്നാണ്‌ എന്നിട്ട്‌ ഒരൊറ്റ ചാട്ടം.

നന്ദി മീനാക്ഷി. എഴുതിയതിന്റെ ഉദ്ദേശം അതു തന്നെ."ങേ, ഞാന്‍ ചിലപ്പോള്‍ ഇതു ചെയ്യാറുണ്ടല്ലോ അപ്പോ അങ്ങനെ ചെയ്തൂടാ അല്ലേ" എന്ന് വായിക്കുന്നവരെക്കൊണ്ട്‌ ഒന്നു തോന്നിപ്പിക്കാന്‍ പറ്റിയാല്‍, ഹാവൂ, എന്റെ എഴുത്ത്‌ സഫലമായി.

rajesh said...

റ്റ്രീങ്ങ്‌, റ്റ്രീങ്ങ്‌"- എന്തോ ഒരു "അത്യാവശ്യ" ഫോണ്‍ വരുന്നു. (നമുക്കു വരുന്നതെല്ലാം "himportant calls" ആണല്ലോ- ഉടനെ എടുത്തിലെങ്കില്‍ എന്താ സംഭവിക്കുക എന്നാര്‍ക്കരിയാം).