Tuesday, November 20, 2007

ബിഗ്‌ ബസ്സാര്‍ അഥവാ പ്രിയ AIYF

തീര്‍ച്ചയായും ബിഗ്‌ ബസാര്‍ അടച്ചുപൂട്ടണം.

വന്‍ കുത്തക മുതളാളിക്കു ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഒന്നും തന്നെ നമ്മള്‍ അനുവദിക്കരുത്‌.അയാള്‍ സ്വന്തം പ്രയത്നത്തില്‍ക്കൂടിയാണ്‌ ഇത്രയും പൊങ്ങിവന്നതെന്നുള്ള സത്യം തല്‍ക്ക്ക്കാലം നമുക്ക്‌ മറക്കാം. (വേറെ എത്രയോ സത്യങ്ങള്‍ നാം സൗകര്യപൂര്‍വം മറക്കുന്നു അല്ലേ?)


ധാരാളം യുവതീയുവാക്കള്‍ക്ക്‌ ഭേദപ്പെട്ട ശമ്പളം നല്‍കിയാണ്‌ അവിടെ നിര്‍ത്തിയിരിക്കുന്നത്‌ എന്നുള്ളതും നമുക്ക്‌ മറക്കാം. (സന്തുഷ്ടരുടെ ഇടയില്‍നിന്നും നമുക്ക്‌ "അണികളെ" കിട്ടുകയില്ലല്ലോ)


അവരുടെ വിദ്യാഭ്യാസത്തിനോ ആഗ്രഹത്തിനോ അനുസരിച്ചുള്ള ജോലി അല്ലെങ്കില്‍ പോലും ചുമ്മാ വായില്‍നോക്കി നടക്കുന്നതിനെക്കാളും മക്കളെ വിദേശത്തു പഠിക്കാന്‍ അയച്ചിട്ട്‌ ഇവിടം കുട്ടിച്ചോറാക്കുന്ന നേതാക്കളുടെ വാക്‌ സാമര്‍ഥ്യത്തില്‍ മയങ്ങി സമയം കളയുന്നതിനേക്കാളും നല്ലതാണെന്നുള്ളതും നമുക്ക്‌ മറക്കാം (ഇങ്ങനെ പോയാല്‍ മറക്കാനേ സമയമുള്ളല്ലോടേ എന്നു ചോദിക്കരുത്‌)

എങ്ങനെയും ആ ബിഗ്‌ ബസ്സര്‍ ഒന്നു പൂട്ടിക്കൂ.


എന്നാലേ എന്റെ വീട്ടില്‍ തേങ്ങ ഇടാന്‍ വന്നുകൊണ്ടിരുന്ന തങ്കപ്പന്‍ ചേട്ടന്‍ വാലും മടക്കി വരുന്നത്‌ എനിക്കു കാണാന്‍ ഒക്കൂ. അങ്ങേരുടെ മോന്‌ അവിടെ ജോലി കിട്ടിയതിന്റെ അടുത്ത ദിവസം വന്ന് "ഇനി നിങ്ങളുടെ തെങ്ങില്‍ കയറാന്‍ എന്നെ കിട്ടൂല്ല" എന്ന് വീംബിളക്കി പോയതാണ്‌.

ഹഹഹഹഹ

കേരളമേ നിന്റെ കാര്യം കഷ്ടം തന്നെ. നന്നാവൂല്ല നന്നാവാന്‍ സമ്മതിക്കൂല്ലാ.

11 comments:

rajesh said...

അങ്ങേരുടെ മോന്‌ അവിടെ ജോലി കിട്ടിയതിന്റെ അടുത്ത ദിവസം വന്ന് "ഇനി നിങ്ങളുടെ തെങ്ങില്‍ കയറാന്‍ എന്നെ കിട്ടൂല്ല" എന്ന് വീംബിളക്കി പോയതാണ്‌.

un said...

ശരിയാണ്, അംബാനി മാത്രം പണക്കാരനായാല്‍ മതിയോ? കിഷോര്‍ ബിയാനി കൂടി ലോക പണക്കാരനാകുന്നതില്‍ ഈ മലയാളികള്‍ക്ക് ഒടുക്കത്തെ കണ്ണുകടിയാണെന്നേ.
ഓ.ടോ: ജര്‍മനിക്കാരും ഇങ്ങനെയൊക്കെ തന്നെയെന്നാരോ പറഞ്ഞു. വേല്‍ഡ് മാര്‍ട്ടിനെ അവിടെക്കേറാന്‍ സമ്മതിച്ചില്ലെന്ന്. ഇവരൊന്നും നന്നാവൂലെന്നേ.

Sethunath UN said...

രാജേഷ് സി.ഐ.എ ഏജെന്റല്ലേ? എഴുത്ത് പെറ്റിബൂ‌ര്‍ഷ്വാ ലൈന്‍. എവിടാ വീട്. ങും!
:)

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റെ രാജേഷെ ഇനീ എന്താ വിചാരിച്ചേ ഈ ബിഗ് ബസ്സാറിനൊക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയാലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതൊക്കെ ഭരിക്കുന്നതാരാ നമ്മുടെ AIYF ന്റെ മൂത്ത സഖാക്കള്‍ സി.പി. ഐ ക്കാര്‍ അടക്കം പങ്കാളികളായ ഇ.ജ.മു. അപ്പോള്‍ ഈ സമരം ഒക്കെയോ എന്ന് ചോദിച്ചാല്‍ അതാണ് ഭരണത്തോടൊപ്പവും സമരം എന്ന് കേട്ടിട്ടില്ലെ അതാണ്. ഇത് കളി വേറെയാണ് നാരായണാ.

പിന്നെ കുത്തകക്കെതിരെ സമരം ചെയ്യുന്നത് ആര്‍ക്കു വേണ്ടിയാ എന്നു കൂടെ ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നല്ലത്. കേരളത്തിലെ ഏറ്റവും വലിയ ചൂഷകരായ വ്യാപാരി വ്യയസായി ഏകോപന സമിതിക്ക് വേണ്ടി. സെയില്‍ ടാക്സ് ഓഫിസര്‍മ്മാരെ അടിച്ചോടിച്ച പാരമ്പര്യമുള്ള ഇമ്മിണി ബല്യ മുതലാളിമാരാണ് ഇവര്‍. ഇവരാണ് ഇവിടെ കച്ചവടം നിയന്ത്രിച്ചിരുന്നത്. എല്ലാ വിധ ഹര്‍ത്താലുകളെയും സമരങ്ങളേയും പുഛത്തോടെ നോക്കിക്കണ്ടിരുന്നവരാണ് ഇക്കൂട്ടര്‍. ഇപ്പം അവവനവനേ ബാധിക്കുന്ന പ്രശ്നം വന്നപ്പോള്‍ എന്താ രാജ്യ സ്നേഹം. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇടനിലക്കാരെ ഒഴിവാക്കി കുത്തക കമ്പനികള്‍ കുറഞ്ഞ വിലക്ക് സാധനം തരില്ലെ എന്ന് ചോദിച്ചപ്പോള്‍ ഒരു വ്യാപാരിയുടെ പ്രതികരണം ഇടനിലക്കാരും ഇവിടെ ഉള്ളവനല്ലേ അവനും ജീവിക്കെണ്ടേ എന്ന്.

Sujith Bhakthan said...

ഈ ബിഗ്ബസാറിനെക്കൊണ്ട് ധാരാളം ആളുകള്‍ക്കു ഉപയോഗമുണ്ട്. താങ്കള്- പറഞ്ഞതുപോലെ അയാള്‍ക്ക് ജോലി കിട്ടി. അതുപോലെ തന്നെ ഒരു നൂറുകണക്കിനു തൊഴിലാളുകള്‍ക്കും ജോലി കിട്ടില്ലേ? അതുമല്ല കണ്‍സ്യൂമേഴ്സിനെ വെച്ച് നോക്കിയാല്‍ ബിഗ് ബസാര്‍ ഒരു നല്ല സംരംഭം. ഐടെ കയറിയാല്‍ എല്ലാം കിട്ടും. ഉപ്പു മുതല്‍ കംപ്യൂട്ടര്‍ വരെ. ചിലര്‍ പറയുന്നു വിലയും കുറവാണെന്ന്. എന്തായാലും നമ്മള്‍ സാധനം വാങ്ങുവാന്‍ പോകുന്നവരല്ലേ തീരുമാനിക്കേണ്ടത് എവിടെ പോകണമെന്നും എന്തു വാങ്ങണെമെന്നുമൊക്കെ.? ബാംഗ്ലൂര്‍ പോലുള്ള മഹാനഗരങ്ങളില്‍ ഈ പറയുന്ന കുത്തക മുതലാളികളുടെ കൂത്താട്ടമാണല്ലൊ? അവിടെയും ഉണ്ട് സാധാരണ കടകള്‍. അവരാരും വെറുതേ ഇരിക്കുന്നില്ല. നമ്മുടെ മലയാളികള്‍ക്കു തന്നെയുണ്ട് ഒരു നൂറു കടകള്‍. അങ്ങനെയൊക്കെ നോക്കിയാല്‍ ഒന്നും നടക്കില്ല.

Radheyan said...

ഇതീല്‍ സാമുഹ്യപ്രശ്നമുണ്ട്.ഇല്ല എന്ന് പറഞ്ഞ് വളരെ സിമ്പിളായി പോവാന്‍ ഒരു അരാഷ്ട്രീയ ജീവിക്കേ കഴിയൂ.

1.ചെറുകിട കച്ചവടക്കാര്‍,കിരണ്‍ പറയുന്ന വന്‍ വ്യാപാരികളല്ല,അവര്‍ക്ക് ഇത്തരം സംരംഭങ്ങള്‍ വലിയ നിലനില്‍പ്പ് ഭീഷണി ഉയര്‍ത്തുന്നു.80 ലക്ഷത്തോളം പേരെ ബാധിക്കുന്ന വിഷയമാണ് എന്നതിനാല്‍ ഇതൊരു നോണ്‍ ഇഷ്യൂ എന്ന മട്ടില്‍ കണ്ണടച്ചു പോകാനാവില്ല.

2.ലോകത്തെ പല വന്‍ നഗരങ്ങളിലും വാള്‍മാര്‍ട്ടിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.എന്റെ അറിവ് ശരിയാണെങ്കില്‍ ന്യൂയോര്‍ക്കടക്കം.ഇതെന്തു കൊണ്ടാണെന്നു ഊഹിക്കാമല്ലോ.

3.ഇത്തരം കടകള്‍ വലിയ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നില്ല.സേര്‍വ് യുവര്‍സെല്‍ഫ് എന്ന് രീതിയിലുള്ള ഓപ്പറേഷന് മിനിമം ആളുകള്‍ മതി.അവര്‍ക്കെല്ലാം മികച്ച വേതനമാണോ കിട്ടുന്നത് എന്ന് കണ്ടറിയണം.

4.ഉല്‍പ്പാദകനും ഉപഭോക്താവിനും കിട്ടുന്ന മികച്ച വില താല്‍ക്കാലികമാവും.എലിമിനേഷന്‍ റൌണ്ട് കഴിഞ്ഞാല്‍ കുത്തക സ്വഭാവം അവ പ്രകടിപ്പിക്കുക തന്നെ ചെയ്യും.കൂടുതല്‍ കുത്തകകള്‍ കടന്നു വന്നാലും വില കുറയണമെന്നില്ല.സര്‍വീസ് മെച്ചപ്പെടുത്തി ആളുകളെ ആകര്‍ഷിക്കുക എന്നതാണ് മാളുകളുടെ പൊതു സ്വഭാവം.ഉദാ:സിനിമാ മള്‍ട്ടിപ്ലെക്സുകള്‍,ഐസ് റിങ്കുകള്‍ തുടങ്ങിയ സംഭവങ്ങള്‍ നിരത്തി അവര്‍ക്ക് തങ്ങളുടെ ഉയര്‍ന്ന വിലയെ ജനത്തിന്റെ ശ്രദ്ധയില്‍ നിന്നു മറയ്ക്കാനാകും

5.ഷോപ്പിംഗ് മാളുകള്‍ അനാവശ്യമായ വസ്തുക്കള്‍ ആളുകളെ വാങ്ങാന്‍ പ്രേരിപ്പിക്കും.ഇതൊരു അനുഭ സാക്‍ഷ്യം കൂടെ ആണ്.ഒന്നോ രണ്ടോ സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പിംഗ് മാളുകളില്‍ ഒന്നു ചുറ്റി നോക്കൂ.ആവശ്യമില്ലാത്ത ഒന്നിലധികം വസ്തുക്കള്‍ നിങ്ങള്‍ വാങ്ങിയിട്ടുണ്ടാവും.കണ്‍സ്യൂമര്‍ കള്‍ച്ചര്‍ കൂടിയ കേരളത്തിലാണെങ്കില്‍ ഇതിന്റെ ഇമ്പാക്റ്റ് ഭീകരമായിരിക്കും.ഒരു ക്രഡിറ്റ് കാര്‍ഡ് കൂടി ഉണ്ടെങ്കില്‍ ഭംഗിയായി.

കിരണ്‍,ഇടതു മുന്നണി ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനു അനുമതി നല്‍കുന്നില്ല എന്നാണറിയുന്നത്.ആദ്യം അനുമതി കിട്ടിയവ മാത്രമേ ഇപ്പോളുള്ളൂ എന്നാണ് വിശദീകരണം.

ആഗോളീകരണം അവനനനെ തേടി വരുമ്പോള്‍ മാത്രമേ അവനവന് കഴയ്ക്കൂ.വിദേശപത്രങ്ങള്‍ വരുന്നതിനെ കുറിച്ച് ആഗോളീകരണത്തിന്റെ അപ്പോസ്തലനായ മാത്തുക്കുട്ടിച്ചായനോട് ചോദിക്കൂ.അപ്പോഴറിയാം എന്താണ് നിലപാടെന്ന്.ഇതു തന്നെയാണ് നിയമ-ഓഡിറ്റിംഗ് രംഗത്തെയും അവസ്ഥ.വിദേശമൂലധനമോ ശാന്തം പാപം.

കൊച്ചുമുതലാളി said...

രാധേയന്‍ ചേട്ടാ, ഇതില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഒന്നും ഇല്ല. മറിച്ച് ദോഷൈദൃക്കൂകളായ രാഷ്രീയക്കാര്‍ ഉണ്ടാക്കിയെടുത്ത ഒരു മൈന്‍ഡ് സെറ്റാണ് കാരണം. ഈ പോയന്റുകള്‍ ഒന്ന് ശ്രദ്ധിക്കുക.

1. ചെറുകിട കച്ചവടക്കാര്‍ക്ക് ഇത് എങ്ങനെയാണ് ഭീഷണീയുയര്‍ത്തുന്നത്? ഇന്‍ റിയല്‍ ലൈഫ്, ഈ വന്‍ കിട കുത്തകകള്‍ വന്ന ശേഷം കച്ചവടം കുറഞ്ഞ ഒരു 100 പേരെ കാണിച്ച് തരാമോ? (80 ലക്ഷം പേരില്‍ നിന്ന്). ഞാന്‍ നേരിട്ട് മനസ്സിലാക്കിയത്, ഈ കുത്തകകള്‍ വരുന്നതിന് മുന്‍പുള്ളത്ര തന്നെ കച്ചവടം അവര്‍ക്കിപ്പോഴും ഉണ്ട്. ഇവര്‍ ഇന്ത്യയിലെ 2-3% ആളുകളെ മാത്രം ലക്‌ഷ്യം വെയ്ക്കുന്നത്.

2.Wal-Mart Supercenter,288 Larkin
Monroe, New York 10950, Wal-Mart Store, 1284 West Washington Street
Sequim, WA 98382. ഈ അഡ്രസ്സുകള്‍ പറ്റുമെങ്കില്‍ ഒന്ന് പരിശോധിക്കുക.

3. ഇത്തരം കടകള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന തോഴില്‍ അവസരങ്ങളും വേതനവും ഒരിക്കലും ചെറുകിട കച്ചവടക്കാര്‍ക്ക് സാധിക്കുകയില്ല.
ഫോര്‍ എക്സാമ്പിള്‍, ഒരു നൂറ്പേര്‍ക്ക് തൊഴില്‍ വേണമെങ്കില്‍ ചുരുങ്ങിയത് എത്ര ചെറുകിട സ്ഥാപനങ്ങള്‍ തുറക്കണം. അതിന് എത്ര പേര്‍ മുന്നോട്ട് വരും.


4(a) ഉല്പാദകനെ സര്‍ക്കാര്‍ പോലും തിരിഞ്ഞു നോക്കുന്നില്ല. ഇവരെങ്കിലും ഒന്ന് നോക്കിക്കോട്ടേ. വിലയുടെ കാര്യം പറയുകയാണെങ്കില്‍, സര്‍ക്കാര്‍ പ്രക്യാലിച്ചിരിക്കുന്ന താങ്ങുവിലയിലും താഴെ അവരുടെ വില പോവില്ല.

(b) ഉപഭോകതാവിന്റെ കാര്യം പറയുകയാണെങ്കില്‍, സാധനങ്ങള്‍ നോക്കി തിരഞ്ഞുനടക്കണ്ട. എല്ലാം ഒരു കുട കീഴില്‍ ലഭ്യമാണ്. പിന്നെ വലിയ വില വ്യത്യാസമൊന്നും ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല. അതിനാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായം ഇവര്‍ ചെറുകിട കച്ചവടക്കാരെ കൂടി മാനിക്കുന്നു എന്നാണ്.

(c) ഇന്ത്യയില്‍ ഉയര്‍ന്ന വിലയിലൊന്നും തന്നെ ഒന്നും വില്‍ക്കാര്‍ സാധിക്കില്ല. കാരണം അത് നിയമ വിരുദ്ധമാണ്. മാക്സിമം എം.ആര്‍.പി വില.

5(a) ഇതിനോടെനിക്ക് യോജിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ അവിടെ ഒന്നുരണ്ടു വട്ടം പോയിട്ടുണ്ട്. ഞാന്‍ അങ്ങനെയായിരുന്നില്ല. മറ്റുള്ളവരുടെ കാര്യം എനിക്കറില്ല. ആരും നമ്മളെ അവിടെ സാധനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നുല്ല.

(b) ഇത്തരത്തിലുള്ള വന്‍ കിട സ്ഥാപനങ്ങളില്‍ പറ്റ് വേണമെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് വേണം. മറിച്ച് ചെറുകിട കച്ചവടക്കരുടെ കയ്യില്‍ നിന്നും സാധനം പറ്റ് വേണമെങ്കില്‍ ഒരു കുഞ്ഞു ഡയറി മതി (ആളെ പരിചയമുണ്ടെങ്കില്‍ മാത്രം)


ഇന്ത്യയില്‍ സ്വന്തം പണം മുടക്കി, നിയമവിരുദ്ധമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുകയും ഒരു പത്ത് പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനം നടത്താനുള്ള അവകാശം ഒരു തദ്ദേശ സ്ഥാപനത്തിനും നിക്ഷേദ്ദിക്കാന്‍ കഴിയില്ല.

പിന്നെ ഇപ്പോഴത്തെ ഈ ശാന്തത, അവരുടെ ഈ സംരംഭത്തിന്റെ ഫസ്റ്റ് ഫേസ് പൂറ്ത്തിയാക്കി കഴിഞ്ഞു.

ഇന്ന് ഈ ലോകത്തില്‍ ഏറ്റവും അത്യാ‍വശ്യം വേണ്ടത് സമയമാണ്. ഷോപ്പിങ്ങില്‍ സമയം ലാഭിക്കണമെങ്കില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ വന്നേ തീരൂ...

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയന്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അംഗീകരിച്ചാല്‍പ്പോളും ഇപ്പോള്‍ CPI നടത്തുന്ന സമരമുറ തെറ്റാണ്‌ എന്ന് പറയേന്റി വരും. ഒരിക്കല്‍ അംഗീകാരം കൊടുത്ത സ്ഥാപനം തുടങ്ങിക്കഴിഞ്ഞ്‌ കേവലം പ്രത്യേശാസ്ത്ര പ്രശ്നങ്ങള്‍ ഉയര്‍ത്തി ആ സ്ഥാപനം അടിച്ച്‌ തകര്‍ക്കുക എന്നത്‌ തികച്ചും ജനാധിപത്യവിരുദ്ധമാണ്‌. ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ എത്രകാലം ഇത്തരം സ്ഥാപനങ്ങളേ തടയാന്‍ കഴിയും എന്ന് കണ്ടറിയണം. ഇന്ത്യ മുഴുവന്‍ ഇതിന്‌ അംഗീകാരം ഉള്ളപ്പോള്‍ ഇവിടെ മാത്രം കൊടുക്കില്ല എന്ന് പറയുന്നതിലെ യുക്തി ഇല്ലായ്മ നാളേ കോടതിയില്‍ ചോദ്യചെയ്യപ്പെട്ടേക്കാം. സ്വയാശ്രയ കോളെജുകളുടെ കേസില്‍ വന്ന വിധി കാണുക.

ഇനി അനുമതി കിട്ടിയ ഈ സ്ഥാപനങ്ങള്‍ക്കെതിരെ എങ്ങനെ പ്രതിക്ഷേധിക്കണമെന്നുണ്ടെങ്കില്‍ എന്താണ്‌ ചെയ്യുക. ഇതിനെതിരെ പരമാവധി ജനങ്ങളെ ബോധവല്‍ക്കരിക്കുക. ചെറുകിട വ്യാപരികളെ ഉപദേശിക്കുക നല്ല വ്യാപാരി വ്യവസായ ബന്ധം ഉണ്ടാക്കാന്‍ സഹായിക്കുക. അലെങ്കില്‍ ചുരിങ്ങിയ പക്ഷന്‍ ഐസക്ക്‌ ചെയ്തതുപോലെ ലക്ഷുറി ടാക്സ്‌ ഏര്‍പ്പെടുത്തി പ്രതിരോധിക്കുക. അല്ലാതെ AIYF നടത്തുന്ന വൃത്തികെട്ടതും ഇരട്ടത്താപ്പ്‌ നിറഞ്ഞതുമായ സമരങ്ങള്‍ നടത്തുകയും പോലീസ്‌ സ്റ്റേഷനില്‍ ചെന്ന് വെളിയവും മന്ത്രിമാരും നടത്തിയ മാടാമ്പിത്തരം കാട്ടലുമല്ല.

പിന്നെ ബോധവല്‍ക്കരണവും മറ്റുമൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാ അടിച്ചു തകര്‍ക്കാന്‍ എന്തെളുപ്പം. CPI ആണ്‌ ഇന്ന് എറ്റവും വലിയ അസ്ഥിത്വ ദു:ഖം പേറുന്നത്‌ എന്നതിന്‌ പുതിയ തെളിവുകളാണ്‌ ഈ സമര കോപ്രായങ്ങള്‍. സത്യത്തില്‍ VS സുനില്‍ കുമാര്‍ MLA യേ ചര്‍ച്ചകളില്‍ കാണുമ്പോള്‍ ഒരു ഫ്രോഡ്‌ ലുക്കാണ്‌ ഇപ്പോള്‍. അത്രക്കധപതിച്ചു AIYF ഉം CPI യും

അങ്കിള്‍ said...

ബിഗ്‌ ബസാര്‍ ആണല്ലോ ഇവിടത്തെ വിഷയം.

കിരണ്‍ പറഞ്ഞതുപോലെ ഇതിനെ ഇവിടെ നടത്താന്‍ അനുവാദം കൊടുത്തതാരാണ്. ഇപ്പൊ പൊക്കികൊണ്ട്‌ വരുന്ന ഞായങ്ങളൊന്നും അനുവാദം കൊടുത്തനേരത്ത്‌ വാങ്ങിയ നോട്ടുകെട്ടില്‍ ഉടക്കിപ്പോയോ.

ഉത്തര്‍ പ്രദേശില്‍ റിലയെന്‍സ് ചെയിന്‍ സ്റ്റോറുകള്‍ നിരോധിച്ച മായാവതി സര്‍ക്കരിന്റെ നടപടിക്കെതിരെ അവിടത്തെ പ്രധാന കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍ സമര പരിപാടികളിലേക്ക്.
ലിങ്ക്: http://www.business-standard.com/common/storypage_c.php?leftnm=10&autono=296218

ഇതിനെപറ്റി നല്ലൊരു ചര്‍ച്ച ഇവിടെ നടന്നിട്ടുണ്ട്. അതുംകൂടെ വായിക്കാനപേക്ഷ.

മേല്‍പ്പറഞ്ഞ ചര്‍ച്ച നടക്കുമ്പോള്‍ തിരുവനന്തല്പുരത്ത്‌ ബിഗ്‌ ബസാര്‍ തുറന്നിട്ടില്ല. തുറന്നതിന് ശേഷം, ഞാനും അവിടം സന്ദര്‍ശിച്ചിട്ടുന്ണ്ട്.

അരി, പയര്‍, ഉഴുന്ന്‌ തുടങ്ങിയ നിത്യോപയോഗ ധാന്യങ്ങള്‍ അവിടെ പാക്കറ്റിലാക്കിയും, അല്ലാതെ ആവശ്യത്തിന് തൂക്കിത്തരുവാനും പ്രത്യേകം വെച്ചിട്ടുണ്ട്. അവിടെ വച്ചിട്ടുള്ള ആ ധാന്യങ്ങളുടെ വൃത്തി കണ്ടാല്‍ തന്നെ കണ്ണെടുക്കില്ല. അതിനെക്കാള്‍ പ്രധാനം, അതിന്റെ വിലയാണ്. പ്രത്യേകം വാങ്ങിയ ഈ ധാന്യങ്ങള്‍ക്ക്‌ മാര്‍ക്കറ്റ്‌ വിലയേക്കാള്‍ വളരെക്കുറവായിരുന്നു. അങ്ങനെയാണെന്ന്‌ അവര്‍ അവിടെ പരസ്യപ്പെടുത്തിയിട്ടും ഉണ്ടായിരുന്നു.

അപ്പോഴേ ഞാന്‍ കരുതി, ഇവരോടൊള്ള എതിര്‍പ്പ്‌, നമ്മള്‍ പണ്ട് കം‌പ്യൂട്ടറിനോട്‌ കാണിച്ചതു പോലയേ ആകാന്‍ തരമുള്ളൂ വെന്ന്‌.

രാധേയന്‍ പ്രകടിപ്പിച്ച പ്രയാസങ്ങള്‍ മറന്നുകൊണ്ടല്ല ഞാനിത്രയും എഴുതിയത്‌. ചില കാര്യങ്ങള്‍ വരേണ്ടത്‌ വന്നേ തീരൂ.

keralafarmer said...

ഇതും കൂടി ഒന്ന് കാണണേ
തെറ്റിനെ എതിര്‍ക്കാതിരിക്കുകയും തട്ടിപ്പിന് കൂട്ടുനിന്ന് കിട്ടുന്നതില്‍ പങ്കു പറ്റുക എന്നതല്ലാതെ ഉദ്പാദകന്‍ പോലും നല്ലൊരുപഭോക്താവാണെന്നിരിക്കെ എന്തിനീ നാടകം. പത്രങ്ങള്‍ പോലും പരസ്യം നല്‍കുന്നവരോടൊപ്പമേ നിലക്കൂ.

മൂര്‍ത്തി said...

ഇങ്ങനെ ഒരു ലേഖനവും ഇന്ന്‌ വായിച്ചു.