Saturday, January 19, 2008

12 പേരുടെ ചന്തി

അതെ, 12 പേരുടെ ചന്തികള്‍ എന്റെ മുന്നില്‍ പല പോസുകളില്‍ കുനിഞ്ഞും നിവര്‍ന്നും ചാഞ്ഞും ചരിഞ്ഞും അരങ്ങു തകര്‍ത്താടി.

അവയുടെ ഇടയില്‍ക്കൂടി മുന്നിലേയ്ക്ക്‌ ഞാന്‍ എത്തിനോക്കാന്‍ ശ്രമിച്ചു.വേറെ ഒന്നും തന്നെ എനിക്കു കാണാന്‍ കഴിഞ്ഞില്ല. കുറേ ചന്തികള്‍ മാത്രം.

അണ്ടനും അടകോടനും ചെമ്മനും ചെരുപ്പുകുത്തിയും എന്നു പറഞ്ഞു കേട്ടിട്ടേ ഉള്ളു.ഇന്ന് അതാണ്‌ സംഭവിക്കുന്നത്‌. എല്ലാവന്റെയും കയ്യില്‍ ഒരു digital camera ഉണ്ട്‌.അതും വച്ചുകൊണ്ടുള്ള സര്‍ക്കസ്‌ ആണ്‌ ഞാന്‍ നേരത്തെ വിവരിച്ചത്‌. (വേറെ എന്തെങ്കിലും ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ കടന്നുകയറിയെങ്കില്‍...ഛായ്‌ ! ലജ്ജാവഹം!)

എന്റെ cousin ഇന്ന് കല്യാണം കഴിച്ചു. മാന്യമഹാ ജനങ്ങള്‍ കണ്ടത്‌ ഈ കുറേ ചന്തികള്‍ മാത്രം. പണ്ടൊക്കെ പെണ്‍ വീട്ടുകാരുടെയും ചെറുക്കന്റെയും വക ഓരോ photographer ഉം പിന്നെ വിദേശത്തുനിന്നുള്ള (മിക്കവാറും ഗള്‍ഫ്‌) വകയില്‍ ഒരു അമ്മാവന്‍ അല്ലെങ്കില്‍ സുഹൃത്ത്‌ എന്നിങ്ങനെ വെറും മൂന്നു പേരുടെ ചന്തി മാത്രമേ നമ്മുടെ മുന്നിലുണ്ടാകാറുള്ളു.

ഇന്ന് കയ്യില്‍ ഒരു ദിജിറ്റലുമായി എല്ലാവരും വന്ന് നിരന്നങ്ങു നില്‍ക്കും. ഇന്നത്തെ കല്യാണത്തിന്‌ 12 പേര്‍ ഉണ്ടായിരുന്നു. ഇത്രയും പേര്‍ നമ്മുടെ മുന്നില്‍ മൂടും തിരിഞ്ഞു നിന്നാല്‍ പിന്നെ എന്തു കാണാന്‍ !

ചെറുക്കന്‌ കുറച്ചു പൊക്കമുള്ളതുകൊണ്ട്‌ എല്ലാം കഴിഞ്ഞ്‌ പെണ്ണും ചെറുക്കനും എഴുന്നേറ്റു നിന്നപ്പോള്‍ അവന്റെ തലയെങ്കിലും കാണാന്‍ പറ്റി.