Tuesday, May 1, 2007

ഒരു മേയ്‌ ദിന "ആശംസ"

ഞാന്‍ രാവിലെ ജോലിക്കു പോകുകയായിരുന്നു. ഒരിടത്ത്‌ എത്തിയപ്പോള്‍ നമ്മുടെ തൊഴിലാളി സഹാക്കള്‍ എല്ലാരും കൂടെ ആട്ടോകളില്‍ കൊടിയുമായി റോഡിന്റെ ഏറ്റവും വീതി കുറഞ്ഞ സ്ഥലം നോക്കി വരിവരിയായി നിര്‍ത്തിയിരിക്കുകയാണ്‌. അല്ലെങ്കിലെ രാവിലെ 9 മണിക്ക്‌ അതു വഴി പോകാന്‍ വളരെ ബുദ്ധിമുട്ടാണ്‌ അപ്പോഴാണ്‌ ഇത്‌. ബസ്സുകളും, കാറുകളും, നൂറു കണക്കിനു ആട്ടോകളും കൂടി ഇളകിമറിയുന്നു.

എനിക്ക്‌ ഇടത്തോട്ട്‌ തിരിഞ്ഞു വേണം പോകാന്‍.ഞാന്‍ കാറിന്റെ സിഗ്നല്‍ ഇട്ടു കൊണ്ട്‌ പതുക്കെ സൈഡിലോട്ട്‌ പിടിക്കാന്‍ ശ്രമിക്കുന്നു.(ഞാന്‍ എഴുതാറുള്ളത്‌ പോലെ തന്നെ പതുക്കെ).

ഒരു താടിക്കാരന്‍ ഓടി വന്ന് കാറില്‍ രണ്ട്‌ അടി."മാറിപ്പ്പ്പോടാ" എന്നൊരാക്രോശവും.

മാറിപ്പോയാല്‍ ഞാന്‍ വലത്തേക്കു തിരിയേണ്ടിവരും എന്നുള്ളതുകൊണ്ട്‌ എനിക്ക്‌ ഇടത്തോട്ട്‌ തിരിഞ്ഞാലേ പറ്റൂ എന്നു ഞാന്‍ അദ്ദേഹത്തിനോട്‌ പറഞ്ഞു.
"നിന്റടുത്ത്‌ മാറിപ്പ്പ്പോകാനല്ലെ പറഞ്ഞത്‌" എന്നും പറഞ്ഞ്‌ വീണ്ടും കാറില്‍ രണ്ടടി.

ഞാന്‍ കതക്‌ തുറന്ന് ഇറങ്ങി കാറില്‍ ചുമ്മാ അടിക്കരുത്‌ പൈസ കൊടുത്തു വാങ്ങിച്ചതാണ്‌ എന്നു പറഞ്ഞപ്പോള്‍,അദ്ദേഹം "മൈ-- ,നീ മാറിപ്പോകൂല്ല അല്ലേടാ "

അപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌ എന്തുകൊണ്ടാണ്‌ രാവിലെ മുതലേ "മൈ-- ദിനമേ, മയ്‌ ദിനമേ" എന്നു ആരോ പാടുന്നതിന്റെ രഹസ്യം.

സമീപത്തുള്ള പോലീസുകാരന്‍ വന്നതുകൊണ്ട്‌ ഞാന്‍ അടി കൊള്ളാതെ തടി തപ്പി എന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ കാറില്‍ വന്ന (കാല്‍ക്കാശിനു വകയില്ലാത്ത) "മുതലാളിയെ" തൊഴിലാളികളെല്ലാം കൂടി കൈകാര്യം ചെയ്തേനേ !