Tuesday, July 1, 2008

നട്ടെല്ലില്ലാത്തവന്മാരുടെ നാട്‌.



എത്രയെത്ര മരണങ്ങള്‍, എത്രയെത്ര തകര്‍ന്ന കുടുംബങ്ങള്‍.


ഇന്നലത്തെ മരണപ്പാച്ചിലിന്റെ രക്തസാക്ഷി- വിഷ്ണുമായ എന്ന പെണ്‍കുട്ടി.




സ്പീഡിലോടിക്കുന്നവന്മാരെ പിടിക്കാന്‍ പോലീസില്ലേ?

പിടിച്ചാല്‍ വിടാതിരിക്കാന്‍ വകുപ്പുകളില്ലേ?

അവന്റെ ലൈസന്‍സ്‌ എന്നെന്നേയ്ക്കുമായി റദ്ദാക്കാന്‍ നട്ടെല്ലുള്ള ഒരുത്തനും ഇവിടില്ലേ?

അവനെ വണ്ടിയോടിക്കാന്‍ "പഠിപ്പിച്ച" സാറിനെയും, അവനു ലൈസന്‍സ്‌ നല്‍കാന്‍ മുന്‍കൈ എടുത്ത സാറിനെയും ഒന്നു "കാണാന്‍" ഇവിടെ ആരുമില്ലേ?

കഴിഞ്ഞ തവണ ആരെയോ ഇടിച്ചു വീഴ്ത്തിയപ്പോള്‍ നാട്ടുകാര്‍ അവന്‌ "കൊലയാളി ബസ്‌" എന്ന് പേരിട്ടുവത്രേ. അന്ന് അവന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ നട്ടെല്ലുള്ള ആരും ആ നാട്ടില്‍ ഇല്ലായിരുന്നോ?

ഇടിച്ചിട്ട ബസിന്റെ ഉടമസ്ഥന്റെ വീട്ടിലോട്ടൊന്നു ചെന്ന് അവന്റെ മുതലക്കണ്ണീര്‍ (അതെങ്കിലും കാണുമായിരിക്കും)തുടച്ചിട്ട്‌, "എടാ ----മോനേ, നിന്റെ ബസ്‌ എന്താടേ വീണ്ടും വീണ്ടും ആള്‍ക്കാരെ ഇടിച്ചിടുന്നത്‌" എന്നൊന്നു ചോദിക്കാന്‍ ഇവിടുത്തെ "സാംസ്കാരിക" നായകന്മാരില്ലേ ?

കോട്ടകൊത്തളങ്ങള്‍ക്കകത്തിരുന്ന് നാടിനെ ഭരിക്കുന്നതായി അഭിനയിക്കുന്ന ജനനായകന്മാരില്‍ ഒരുത്തനെങ്കിലും ഇതിനെതിരേ എന്തെങ്കിലും ചെയ്യാനുള്ള നട്ടെല്ല് ഇല്ലേ?

അതോ ഇതൊക്കെ ഇങ്ങനെ നടക്കട്ടെ, നമ്മുടെ ആള്‍ക്കാര്‍ക്കൊന്നും പറ്റുന്നില്ലല്ലോ എന്നും പറഞ്ഞിരിക്കുകയാണോ.

കഷ്ടം! നട്ടെല്ലില്ലാത്തവന്മാരുടെ നാട്‌ !!!!

Friday, June 27, 2008

ഏഴാം ക്ലാസ്‌.

ഇപ്പോള്‍ ഏഴാം ക്ലാസ്‌ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക്‌ കലിയിളകും.
എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടുന്നില്ല.എനിക്കാണെങ്കില്‍ ഏഴാം ക്ലാസ്സില്‍ പഠിച്ച ഒന്നും തന്നെ ഓര്‍മ്മയില്ല. അതിനു ശേഷം കുറച്ചൂടെ പഠിച്ചതുകൊണ്ടും, രാഷ്ട്രീയത്തില്‍ ഇറങ്ങാത്തതുകൊണ്ടൂം ആയിരിക്കും എനിക്ക്‌ പ്രത്യേകിച്ച്‌ ഏഴാം ക്ലാസിനെക്കുറിച്ച്‌ ആറിനും എട്ടിനും ഇടയ്ക്ക്‌ ഉള്ള ഒരു ക്ലാസ്‌ എന്നല്ലാതെ വേറെയൊരു ഓര്‍മയും ഇല്ല.

അതേ സമയം തന്റെ വിദ്യാഭാസ ജീവിതത്തില്‍ (മനപ്പൂര്‍വം തന്നെ, വിദ്യാഭ്യാസം ആണെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടല്ല)വളരെ പാടുപെട്ട്‌ എത്തിച്ചേര്‍ന്ന ഒരു കൊടുമുടിയാണ്‌ ഈ ഏഴാം ക്ലാസെങ്കില്‍,തീര്‍ച്ചയായും ഒരാള്‍ അത്‌ ഓര്‍ത്തിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല- പ്രത്യേകിച്ചും "ഏഴാം ക്ലാസും ഗുസ്തിയും " ആണ്‌ പ്രധാന qualification എങ്കില്‍ !

കഴിഞ്ഞ കുറേ ദിവസമായി ഈ വായില്‍നോക്കികള്‍ എല്ലാം കൂടി കിടന്നു കാണിക്കുന്ന കോപ്രായങ്ങള്‍ സാധാരണക്കാരന്റെ ജീവിതം ദുസ്സഹം ആക്കുകയാണ്‌. ഇവനൊക്കെ വേറെ ജോലി ഒന്നും ഇല്ലേ?

ഏഴാം ക്ലാസില്‍ പഠിച്ച എന്തെങ്കിലും നമ്മള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

ഉണ്ടെങ്കില്‍ തന്നെ അതിനാണോ അതിനു ശേഷം പഠിച്ചതിനാണോ നാം മുന്‍ തൂക്കം നല്‍കുന്നത്‌????

Saturday, March 22, 2008

ക്യൂൂവോ എന്തു ക്യൂൂ ?-മലയാളികള്‍ എന്തെങ്കിലും പഠിക്കാനുണ്ടോ ?2

Q എന്നൊരക്ഷരം നമ്മളുടെ ലിപിയില്‍ ഇല്ലാതെ പോയി അതാണ്‌ നമുക്ക്‌ പറ്റിയത്‌ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌.

English ല്‍ ആണെങ്കില്‍ ( എന്റെ മറ്റൊരു ബ്ലോഗില്‍ "പ്രിയ" പറഞ്ഞതിനുശേഷം "ഞാന്‍ പണ്ടു ബിലായത്തില്‍ ആയിരുന്നപ്പോള്‍" എന്നും പറഞ്ഞു തുടങ്ങണ്ട എന്നു വിചാരിച്ചു) നമുക്ക്‌ കുട്ടികളുടെ അടുത്ത്‌ mind your P's and Q's എന്നു പറയാം.ഇതു പറഞ്ഞാല്‍ remember to say Please and Thank you (ThanQ) and remember to stand in the Q if there is one ആണ്‌ അര്‍ഥം എന്ന് കുട്ടികള്‍ക്ക്‌ മനസിലാകും. കാരണം അവര്‍ കണ്ടു വളരുന്നത്‌ അവരുടെ അഛനും അമ്മയും (അല്ലെങ്കില്‍ അമ്മയും boyfriend ഉം എന്തു കോപ്പെങ്കിലും ആകട്ടെ അതല്ല ഇവിടുത്തെ ചര്‍ച്ചാ വിഷയം) ചുറ്റുമുള്ളവരും ഇതൊക്കെ പറയുന്നതാണ്‌. അതുപോലെ ക്യൂവില്‍ നില്‍ക്കാതെ ഇടിച്ചുകയറുന്നവര്‍ ഉണ്ടെങ്കില്‍ തന്നെ അവരെ മറ്റുള്ളവര്‍ പുശ്ചത്തോടെ നോക്കുന്നതാണ്‌ അവര്‍ കണുന്നത്‌.

നമ്മുടെ എത്ര കുട്ടികള്‍ക്ക്‌ ഇങ്ങനെയുള്ള സാമാന്യമര്യാദ ഉണ്ട്‌ എന്നു തന്നെത്താനെ ചോദിക്കുന്നത്‌ നല്ലതാണ്‌ കാരണം മിക്കവര്‍ക്കും ഇല്ല. അതവരറിയുന്നുമില്ല. ചുറ്റുമുള്ളവരെല്ലാം ഇടിച്ചു കയറുന്നത്‌ കാണുന്ന ഒരു കുട്ടിക്കെങ്ങനെ ക്യൂവില്‍ നില്‍ക്കാന്‍ തോന്നും. അവന്റെ മനസില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ മണ്ടന്മാര്‍ (അല്ലെങ്കില്‍ അവനെ വളര്‍ത്തുന്നവരെങ്കിലും ക്യൂവില്‍ നിന്ന് അവനെ കാണിച്ചുകൊടുക്കുമായിരുന്നല്ലോ- അച്ഛനും അമ്മയ്ക്കും വേണ്ടാത്ത മര്യാദ മക്കള്‍ക്കെന്തിന്‌)സാധനം വാങ്ങിക്കുന്നിടത്ത്‌, റ്റിക്കറ്റ്‌ എടുക്കാന്‍, അര്‍ച്ചനയ്ക്ക്‌ പണം അടയ്ക്കാന്‍ എന്നിവയ്ക്കെല്ലാം അവന്‍ കാണുന്നത്‌ തടിമിടുക്ക്‌ കൊണ്ട്‌ അവിടെ നില്‍ക്കുന്നവരുടെ ഇടയില്‍ക്കൂടി ഇടിച്ച്‌ കയറി കാര്യം സാധിക്കുന്നവരെയാണ്‌ അപ്പോള്‍പ്പിന്നെ അവനെന്തിന്‌ ഈ "ക്ണാപ്‌ ക്യൂ".

രംഗം 1.

എവിടെങ്കിലും ഒരു ക്യൂ- റ്റികറ്റ്‌ വാങ്ങാന്‍, മൂത്രം ഒഴിക്കാന്‍,( ഏതാണ്‌ എന്ന് ശരിക്കറിഞ്ഞാലെ പറ്റൂ എന്നു പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്‌ അതിന്‌ അത്ര ഒരുപാടു ക്യൂകളൊന്നും ഭൂമി മലയാളത്തില്‍ ഇല്ലല്ലൊ)

ഒരു ക്യൂ കണ്ടുകഴിഞ്ഞാല്‍ അതു വരെയില്ലാത്ത ധൃതിയാണ്‌ ഓരോരുത്തന്മാര്‍ക്ക്‌. ഇതിപ്പഴെങ്ങാനും അങ്ങെത്തുമോ, വണ്ടി പോയിക്കളയുമോ, റ്റിക്കറ്റ്‌ തീര്‍ന്നു പോകുമോ എന്നിങ്ങനെ പല ചോദ്യങ്ങള്‍ അവന്റെ ചെറിയ മനസില്‍ക്കൂടി മിന്നിമറയുന്നു. (അഞ്ച്‌ മിനിറ്റ്‌ നേരത്തെ എത്തിയിരുന്നെങ്കില്‍ ഈ പ്രശ്നമൊന്ന്നും ഉണ്ടാവില്ല എന്നുള്ള കാര്യം ഇവിടെ പ്രസക്തമല്ല) അവിടെ നില്‍ക്കുന്നവരും എല്ലാ ഇതേ ആവശ്യങ്ങള്‍ക്കായിരിക്കും നില്‍ക്കുന്നത്‌ എന്നു പോലും അവന്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല. "ഒരേ ഒരു ലക്ഷ്യം ശബരിമാമല" എന്നുള്ള പാട്ട്‌ അവന്റെ മനസില്‍ വരുന്നു. പിന്നെ അവന്‍ ലക്ഷ്യത്തില്‍ മാത്രം കണ്ണുള്ള അര്‍ജുനനനെപ്പോലെയാണ്‌. ഇടയ്ക്ക്‌ ആരു നിന്നാലും പ്രശ്നമില്ല. അവന്റെ ലക്ഷ്യം ക്യൂവിന്റെ മുന്നില്‍ എത്തുക എന്നുള്ളതാണ്‌. ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ള നട്ടെല്‍രഹിതര്‍ക്കിടയില്‍ക്കൂടി അവന്‍ ഉന്തിയും തള്ളിയും മുന്നിലെത്തുന്നു. കൗണ്ടെറിനു പുറകിലിരിക്കുന്നവന്‌ വേണമെങ്കില്‍ "പോയി ക്യൂവില്‍ നില്‍ക്കെടാ" എന്നു പറയാം, പക്ഷേ അവന്‍ എന്തിനു പാടുപെടണം? ക്യൂവില്‍ നില്‍ക്കുന്ന മറ്റ്‌ നട്ടെല്‍രഹിതര്‍ക്കില്ലാത്ത ചേതം അവനെന്തിന്‌ ? ക്യൂവിലുള്ളവരുടെ മുറുമുറുപ്പ്‌ തൊട്ടടുത്തു നില്‍ക്കുന്നവനു മാത്രം കേള്‍ക്കാന്‍ വേണ്ടീയാണല്ലോ. ബാക്കി സമയത്തുകാണിക്കുന്ന വീറും വാശിയും ധൈര്യവുമൊന്നും അപ്പോഴില്ല. ഇടിച്ചു കയറിയവന്‍ റ്റിക്കറ്റുമായി "അവിടെ നില്‍ക്കെടാ മണ്ടന്മാരെ" എന്നുള്ള മട്ടില്‍ നോക്കി ഒന്നു ചിരിച്ചിട്ട്‌ സ്ഥലം വിടുന്നു. അയാള്‍ പോയിക്കഴിഞ്ഞ ഉടനെ മുറുമുറുപ്പ്‌ ഉച്ചത്തിലാകുന്നു. എല്ലാവര്‍ക്കും ധൈര്യം എന്തുപെട്ടെന്നാണ്‌ തിരിച്ചു വരുന്നത്‌!

(ക്യൂവില്‍ നില്‍ക്കുന്നവരെയല്ലേ ഞാന്‍ നട്ടെല്‍ രഹിതര്‍ എന്നു പറഞ്ഞത്‌ വിചാരിക്കുന്നവരോട്‌ ഒരു വാക്ക്‌- ക്യൂവില്‍ നില്‍ക്കുന്നവരല്ല,ഇതുപോലെ വല്ലതും നടക്കുമ്പോള്‍ കാണാത്തമട്ടില്‍ നില്‍ക്കുകയും ഞാനെന്തിനു പറയണം എന്ന് ചിന്തിക്കുകയും ചെയ്യുവരെയാണ്‌ ഉദ്ദേശിക്കുന്നത്‌)

രംഗം രണ്ട്‌,

റ്റ്രാഫിക്‌ ലൈറ്റ്‌ ചുവന്നു കിടക്കുന്നു. ഒരു വരിയായി നില്‍ക്കാനുള്ള സ്ഥലമേയുള്ളു. അതൊന്നും കാര്യമാക്കാതെ 4 വരി ഇപ്പോള്‍ തന്നെയുണ്ട്‌ (അറിയാമല്ലോ- ആദ്യമെത്തുന്നവര്‍ എല്ലാവരും ക്യൂവായി അങ്ങു നില്‍ക്കും- ഒന്നിനു പുറകില്‍ ഒന്നായിട്ടുള്ള സാദാ ക്യൂവല്ല. ഇതു "മലയാളിക്യൂ" ഒന്നിന്റെ sideല്‍ ഒന്ന് അപ്പോ ആരും ആരുടെയും പുറകിലായി എന്നു വിഷമിക്കേണ്ടല്ലോ) പിന്നെ വരുന്നവര്‍ സ്ഥലം ഉണ്ടെങ്കില്‍ മുന്‍ നിരയില്‍ ത്തന്നെ നില്‍ക്കാന്‍ ശ്രമിക്കും പക്ഷേ പലപ്പോഴും പിന്‍ തള്ളപ്പെടും അവര്‍ എഞ്ചിനൊക്കെ ഇരപ്പിച്ച്‌ ഞാന്‍ തോറ്റിട്ടില്ല എന്നുള്ള മട്ടില്‍ ഒരു നില്‍പ്‌. ഇതിന്റെ പുറകില്‍ പിന്നേയും പല പല side ക്യൂകള്‍. ലൈറ്റ്‌ പച്ചയാകുമ്പ്പോഴാണ്‌ പ്രശ്നം. ഇവര്‍ക്കെല്ലവര്‍ക്കും കൂടിപോകാനുള്ള സ്ഥലം ഇല്ല. ഇതിനിടയ്ക്ക്‌ ചിലവന്മാരുടെ വണ്ടി ഓഫ്‌ ആകും (ശ്ശോ എന്തൊരു ചമ്മല്‍. കുട്ടപ്പന്റെ ബൈക്ക്‌ ഓഫാവുകയോ ! ശ്ചായ്‌ ലജ്ജാവഹം)പിന്നെ ഒരു ബഹളമാണ്‌ ലൈറ്റ്‌ മാറുന്നതിനു മുന്‍പേ അവിടം കടക്കണമല്ലോ, ഇല്ലെങ്കില്‍ കാണുന്നവര്‍ എന്തു വിചാരിക്കും.

രംഗം മൂന്ന്

(എല്ലം ഞാന്‍ തന്നെ എഴുതണം എന്നു പറഞ്ഞാലോ. നിങ്ങള്‍ക്കിഷ്ടമുള്ള ,കണ്ടിട്ടുള്ള ഒരു രംഗം ഇവിടെ ആയിക്കോട്ടെ)

ദയവു ചെയ്ത്‌------ക്യൂ പാലിക്കുക.എല്ലാവര്‍ക്കും അവരോരുടേതായിട്ടുള്ള ആവശ്യങ്ങള്‍ കാണും. അതില്‍ നിങ്ങളുടെത്‌ കൂടുതല്‍ important ആകുന്നതെങ്ങനെ?

Tuesday, March 18, 2008

മലയാളികള്‍ എന്തെങ്കിലും പഠിക്കാനുണ്ടോ ?

മലയാളികള്‍ ഒന്നും പഠിക്കാനില്ലെന്നും ഗള്‍ഫിലെ അറബികളെക്കാള്‍ എത്രയോ മെച്ചമാണെന്നും ഇങ്ങനെ ഒക്കെ ഇരുന്നാല്‍ മതിയെന്നും,പെറ്റമ്മയ്ക്‌ ഭംഗി വേണ്ടെന്നും ഒക്കെ പല അഭിപ്രായങ്ങളും കേട്ടതുകൊണ്ടാണിത്‌ എഴുതുന്നത്‌.

ഈ situations നമുക്ക്‌ നോക്കാം. (Gulf ല്‍ എങ്ങനെയാണെന്ന് എനിക്കറിഞ്ഞുകൂടാ പക്ഷേ ഇതുവരെക്കേട്ടതില്‍ വച്ച്‌ പണം മാത്രമുള്ള വിദ്യാഭ്യാസമോ സംസ്കാരമോ ഇല്ലാത്ത ഒരു വര്‍ഗ്ഗം ആണെന്ന് തോന്നുന്നു. അതുകൊണ്ട്‌ ഈ പറയുന്നതൊക്കെ വായിച്ചുള്ള അറിവും 8 വര്‍ഷം englandല്‍ ജീവിച്ചതിന്റെ അനുഭവവും വച്ചുള്ള comparison മാത്രമാണ്‌)

(1) നാം ഒരു കടയില്‍ ചെല്ലുന്നു. എന്തെങ്കിലും ഒരു സാധനം അന്വേഷിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഒരുത്തനും തിരിഞ്ഞു നോക്കുന്നില്ല. കുറേപ്പേര്‍ കൂടിയിരുന്ന് കഥയും പറഞ്ഞിരിക്കുന്നത്‌ നമുക്ക്‌ കാണാം. ഒരു സഹായം പ്രതീക്ഷിച്ച്‌ നാം അവരെത്തന്നെ നോക്കി നില്‍ക്കുന്നു.

രക്ഷയില്ല. അടുത്തേയ്ക്ക്‌ നടന്ന് മുരടനക്കുന്നു.

"ങൂം, എന്തു വേണം " (ശല്യം എന്ന് ആ മനസില്‍ക്കൂടി പോകുന്നത്‌ നമുക്ക്‌ കാണാം)
" അല്ലാ ഇവിടെ xyz കമ്പനിയുടെ തേയില ഉണ്ടോ?"
(അലക്ഷ്യമായി) ദാ ആ ഷെല്‍ഫില്‍ കാണും.
അവിടെ കാണുന്നില്ല.
ങാ, എന്നാല്‍ കാണൂല്ല.
അതിനു പകരം വേറെ ഏതെങ്കിലും കമ്പനിയുടെ സാധനം കാണുമോ ? അങ്ങോട്ടു പോയി നോക്കിയാല്‍ മതി. (ഇതെന്തൊരു ശല്യം. അവന്‍ അവന്റെ പൈസ ചിലവാക്കാന്‍ എന്റെ കട തന്നെ തിരഞ്ഞെടുത്തു. ഇവനു വേറെ വല്ലടത്തും പൊയ്ക്കൂടായിരുന്നോ?)

"ഹലോ, കാന്‍ ഐ ഹെല്‍പ്‌ യു?
യെസ്‌ പ്ലീസ്‌. ഐ അം ലൂകിംഗ്‌ ഫോര്‍ xyz റ്റീ. ഐ കാണ്ട്‌ ഫൈന്റ്‌ ഇറ്റ്‌ ഓന്‍ ദി ഷെല്‍ഫ്‌.
ഓ ,ഐ അം സോറി. വീ ഡോണ്ട്‌ ഹാവ്‌ ഇറ്റ്‌ ഇന്‍ സ്റ്റോക്‌. വുഡ്‌ യു ലൈക്‌ റ്റൊ ഹാവ്‌ തിസ്‌ വണ്‍ ഫ്രം abc company?
താങ്ക്‌ യു.
താങ്ക്‌ യു ഫോര്‍ കമിംഗ്‌. ഹാവ്‌ എ നൈസ്‌ ഡേ.
യു റ്റൂ.

രംഗം ൨
നമ്മള്‍ ഒരു തുണിക്കടയില്‍ക്കയറുന്നു. കിട്ടിയ ബോണസും ശമ്പളവും ഒക്കെ കീശയ്ക്കു നല്ല ഘനം.

ങൂം എന്തു വേണം.
ഇവള്‍ക്കൊരു സാരി, ഇവന്മാര്‍ക്ക്‌ ഓരോ ഷര്‍ട്ട്‌, പിന്നെ എനിക്ക്‌ അവസാനം എന്തെങ്കിലും. (ഓ, ഇതിനാണോ ഇങ്ങോട്ട്‌ കെട്ടി എടുത്തിരിക്കുന്നെ- എന്നൊരു പുശ്ഛം നിറഞ്ഞ മുഖഭാവം അദ്യത്തിന്‌)
ഇത്രയും മാത്രം വാങ്ങിക്കുന്നവര്‍ക്ക്‌ അദ്യത്തിന്റെ സഹകരണം ഇല്ല.
ഡേയ്‌ ശരവണാ, ഇന്ത അത്തപ്പാടിക്ക്‌ അല്ല സാറിന്‌ എന്താ വേണ്ടതെന്നു വച്ചാല്‍ എടുത്ത്‌ കൊടെടാ.

ഹലോ കാന്‍ ഈ ഹെല്‍പ്‌ യു? യു ലുക്‌ എ ബിറ്റ്‌ ലോസ്റ്റ്‌.
യെസ്‌ പ്ലീസ്‌. (വീണ്ടും അതു മുഴുവന്‍ എഴുതാനോ? വേറെ ജോലി ഒന്നും ഇല്ലെങ്കില്‍ ചെയ്യാമായിരുന്നു !)

രംഗം മൂന്ന്
customer is king നിങ്ങള്‍ ഓരോരുത്തരും ഞങ്ങള്‍ക്ക്‌ വിലപ്പെട്ടവരാണ്‌ , എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ മാനേജരെക്കാണുക എന്നൊക്കെ എഴുതിവച്ചിരിക്കുന്ന ഒരു ബാങ്ക്‌.
നേരത്തെ പറഞ്ഞ ബോണസില്‍ ബാക്കി വല്ലതും ഉള്ളതും കൊണ്ട്‌ തല ഉയര്‍ത്തിപ്പിടിച്ച്‌ നാം ചെല്ലുന്നു. ഇതങ്ങോട്ടിടണം പൈസ ശേഖരിച്ച്‌ ശേഖരിച്ച്‌ ഒരു വലിയ പണക്കാരനാകണം എന്നൊക്കെ നമ്മുടെ മനസ്സില്‍.

ങൂം ?(എല്ലാരും ഇതു തന്നെയാണോ പറയുന്നത്‌?) ങൂം ?

ഒരു നിക്ഷേപിക്കാനുള്ള ഫോം. ദാ അവിടെക്കാണും.
എവിടെ? (ഒരു പത്തുപതിനഞ്ചു മേശയുണ്ടവിടെ. അതിലേത്‌ എന്നു നമ്മുടെ മനോഗതം).
കുറച്ചു കറങ്ങി നടന്നു കഴിയുമ്പോള്‍ ദോ ഇരിക്കുന്നു അവര്‍ ചൂണ്ടിക്കാണിച്ചതിന്റെ നേരേ എതിരേ ഉള്ള സ്ഥലത്ത്‌.
എല്ലാം fill ചെയ്ത്‌ കൊണ്ടു ചെന്നു. ഇതിവിടല്ല. പിന്നെവിടെയാ. ദോണ്ടെ അവിടെ. വീണ്ടും നമ്മുടെ കറങ്ങി നടപ്പ്‌ അവസാനം കണ്ടുപിടിച്ച്‌ വല്ലവിധവും നാം പാടുപെട്ടുണ്ടാക്കിയ പൈസ നാം തുടങ്ങിയനമ്മുടെ അക്കൗണ്ടില്‍ അവരുടെ ഔദാര്യം കാരണം നിക്ഷേപിച്ചിട്ടിറങ്ങുമ്പോള്‍ നമ്മുടെ മനസ്‌ പാടുന്നു.
മേരാ കേരള്‍ മഹാന്‍.

റ്റോകണ്‍ തേര്‍ട്ടിറ്റൂ റ്റു കൗണ്ടെര്‍ നമ്പര്‍ ഫൈവ്‌ പ്ലീസ്‌
യെസ്‌ സര്‍, ക്യാന്‍ ഈ ഹെല്‍പ്‌ യു?
ഐ വുഡ്‌ ലൈക്‌ റ്റു ഡിപ്പോസിറ്റ്‌ സം മണി പ്ലീസ്‌.
എക്സലെന്റ്‌. വീ വില്‍ ഡൂ താറ്റ്‌ സ്റ്റ്രയിറ്റ്‌ എവേ.
ദെയര്‍ യു ആര്‍. ആള്‍ ഡണ്‍. ഹാവ്‌ എ നൈസ്‌ ഡേ.


ഒന്നു മുഖത്തു നോക്കിക്കൂടേ

ഒന്നു ചിരിച്ചൂടേ

ഞാനും നിങ്ങളെപ്പോലെ ഒരു മലയാളി അല്ലേഒന്നു ചിരിച്ചു എന്നു വച്ച്‌ അല്ലെങ്കില്‍ മര്യാദയ്ക്ക്‌ ഒരു ഉത്തരം പറഞ്ഞു എന്നു വച്ച്‌ എന്ത്‌ നഷ്ടം ഉണ്ടാകാനാ.

നിങ്ങള്‍ വില്‍ക്കാനല്ലേ ഇരിക്കുന്നത്‌? ഞാന്‍ വാങ്ങിയില്ലെങ്കില്‍ (അല്ലെങ്കില്‍ എന്നെ പ്പോലെ കുറേപ്പേര്‍ വാങ്ങിയില്ലെങ്കില്‍) തന്റെ കഞ്ഞികുടി മുട്ടൂല്ലേ? പിന്നെന്തിനീ അഭിനയം? ഇയാള്‍ വാങ്ങണമെന്ന് എനിക്ക്‌ നിര്‍ബന്ധമില്ല എന്നുള്ള മട്ടില്‍ ഒരു ഇരിപ്പ്‌?

അന്വേഷിച്ചു നടക്കുന്നതുകണ്ടാല്‍ "എന്തെങ്കിലും സഹായം വേണോ" എന്നൊരു ചോദ്യം, അതുപോരേ നല്ല customer relationship ഉണ്ടാക്കാന്‍? എന്താ പല്ല് തേഞ്ഞുപോകുമോ ?

ഞാന്‍ കഷ്ടപ്പെട്ട്‌ ജോലി ചെയ്തുണ്ടാക്കുന്ന പൈസ ചിലവാക്കാന്‍ തന്റെ കട തിരഞ്ഞെടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്‌? പിന്നെന്തിനാ താന്‍ ഒരു ദുശ്ശകുനം കണ്ടതുപോലെ എന്നെ നോക്കുന്നത്‌?

ഇനി കുറ്റം മാത്രം പറയരുത്‌ solutions പറയണം എന്നു വാശിപിടിക്കുന്നവര്‍ക്കു വേണ്ടി.

മനുഷ്യരുടെ മുഖത്ത്‌ നോക്കി ചിരിക്കുക- നിങ്ങല്‍ കൊച്ചാകുമെന്ന് പേടിക്കാതിരിക്കുക.

നിങ്ങളുടെ കടയില്‍ നിന്ന് ആയിരക്കണക്ക്‌ രൂപയുടെ സാരിയല്ല വെറുമൊരു തുണ്ട്‌ തുണി മാത്രം വാങ്ങാന്‍ വന്നവനായാലും അവനെ സ്നേഹത്തോടെ സ്വീകരിക്കുക. വേറെ ധാരാളം തുണിക്കടകളുണ്ട്‌ അവിടൊന്നും പോകാതെ നിങ്ങളുടെ കടയില്‍ വന്നതിന്‌ ദൈവത്തോടും അവനോടും നന്ദി മനസ്സിലെങ്കിലും പറയുക.

May I help you എന്തെങ്കിലും സഹായം വേണോ എന്നൊന്ന് ചോദിക്കുക. ചിലപ്പോള്‍ വേണ്ടായിരിക്കും പക്ഷേ ആ ചോദ്യത്തിന്‌ ഒരു effect എന്തായാലും ഉണ്ട്‌.

ഇനി കടയില്ലാത്തവര്‍ എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിന്‌ ഉത്തരം അടുത്ത പോസ്റ്റില്‍. നിങ്ങളേയൊക്കെ പഠിപ്പിച്ചിട്ടു തന്നെ വേരെ കാര്യം !

Saturday, January 19, 2008

12 പേരുടെ ചന്തി

അതെ, 12 പേരുടെ ചന്തികള്‍ എന്റെ മുന്നില്‍ പല പോസുകളില്‍ കുനിഞ്ഞും നിവര്‍ന്നും ചാഞ്ഞും ചരിഞ്ഞും അരങ്ങു തകര്‍ത്താടി.

അവയുടെ ഇടയില്‍ക്കൂടി മുന്നിലേയ്ക്ക്‌ ഞാന്‍ എത്തിനോക്കാന്‍ ശ്രമിച്ചു.വേറെ ഒന്നും തന്നെ എനിക്കു കാണാന്‍ കഴിഞ്ഞില്ല. കുറേ ചന്തികള്‍ മാത്രം.

അണ്ടനും അടകോടനും ചെമ്മനും ചെരുപ്പുകുത്തിയും എന്നു പറഞ്ഞു കേട്ടിട്ടേ ഉള്ളു.ഇന്ന് അതാണ്‌ സംഭവിക്കുന്നത്‌. എല്ലാവന്റെയും കയ്യില്‍ ഒരു digital camera ഉണ്ട്‌.അതും വച്ചുകൊണ്ടുള്ള സര്‍ക്കസ്‌ ആണ്‌ ഞാന്‍ നേരത്തെ വിവരിച്ചത്‌. (വേറെ എന്തെങ്കിലും ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ കടന്നുകയറിയെങ്കില്‍...ഛായ്‌ ! ലജ്ജാവഹം!)

എന്റെ cousin ഇന്ന് കല്യാണം കഴിച്ചു. മാന്യമഹാ ജനങ്ങള്‍ കണ്ടത്‌ ഈ കുറേ ചന്തികള്‍ മാത്രം. പണ്ടൊക്കെ പെണ്‍ വീട്ടുകാരുടെയും ചെറുക്കന്റെയും വക ഓരോ photographer ഉം പിന്നെ വിദേശത്തുനിന്നുള്ള (മിക്കവാറും ഗള്‍ഫ്‌) വകയില്‍ ഒരു അമ്മാവന്‍ അല്ലെങ്കില്‍ സുഹൃത്ത്‌ എന്നിങ്ങനെ വെറും മൂന്നു പേരുടെ ചന്തി മാത്രമേ നമ്മുടെ മുന്നിലുണ്ടാകാറുള്ളു.

ഇന്ന് കയ്യില്‍ ഒരു ദിജിറ്റലുമായി എല്ലാവരും വന്ന് നിരന്നങ്ങു നില്‍ക്കും. ഇന്നത്തെ കല്യാണത്തിന്‌ 12 പേര്‍ ഉണ്ടായിരുന്നു. ഇത്രയും പേര്‍ നമ്മുടെ മുന്നില്‍ മൂടും തിരിഞ്ഞു നിന്നാല്‍ പിന്നെ എന്തു കാണാന്‍ !

ചെറുക്കന്‌ കുറച്ചു പൊക്കമുള്ളതുകൊണ്ട്‌ എല്ലാം കഴിഞ്ഞ്‌ പെണ്ണും ചെറുക്കനും എഴുന്നേറ്റു നിന്നപ്പോള്‍ അവന്റെ തലയെങ്കിലും കാണാന്‍ പറ്റി.

Thursday, December 13, 2007

ഒരു "നിരോധ്‌ "കഥ

പലരും കേട്ടുകാണും ഈ കഥ.

ഉത്തര ഇന്‍ഡ്യയില്‍ ആദ്യകാലത്ത്‌ contraception പ്രചരിപ്പിക്കാന്‍ വേണ്ടി volunteersനെ ഗ്രാമങ്ങള്‍ തോറും പറഞ്ഞു വിട്ടിരുന്നു.അവര്‍ ഗ്രാമീണരെ വിളിച്ചിരുത്തി നിരോധിനെക്കുറിച്ചും അത്‌ എങ്ങനെ ഉപയോഗിക്കണമെന്നും ആള്‍ക്കാര്‍ക്ക്‌ പറഞ്ഞുകൊടുത്തു. കുറേക്കാലമായിട്ടും ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. പഠിപ്പിക്കുന്നവരാണെങ്കില്‍ വല്ലാതെയായി. ഗ്രാമീണരെ വിളിച്ചിരുത്തി ചോദിച്ചു-

"ഞങ്ങള്‍ പറഞ്ഞു തരുന്നത്‌ മനസ്സിലാകുന്നുണ്ടോ"?

ഉണ്ട്‌ സാബ്‌.

"പറഞ്ഞതുപോലെ നിരോധ്‌ ഉപയോഗിക്കുന്നുണ്ടോ"?

ഉണ്ട്‌ സാബ്‌.

"പിന്നെന്ത്‌ നിങ്ങളുടെ നാട്ടില്‍ ഇപ്പോഴും ഒരുപാടു ഗര്‍ഭിണികള്‍?"

അറിയില്ല സാബ്‌.

സാബ്‌ കാണിച്ചു തന്നതുപോലെ നിരോധ്‌ സൂക്ഷിച്ച്‌ പൊട്ടാതെയും ദ്വാരം വീഴാതെയും എടുത്ത്‌ തള്ളവിരലില്‍ ഇട്ടതിനു ശേഷം മാത്രമേ ഞങ്ങള്‍ ഭാര്യയുമായി ബന്ധപ്പെടാറുള്ളു സാബ്‌ !

ഇപ്പോള്‍ ഇതു പറയാന്‍ കാരണമെന്തെന്നോ?

ഹെല്‍മെറ്റ്‌ തലയില്‍ വയ്ക്കണമെന്നറിഞ്ഞുകൂടാത്ത വായില്‍നോക്കികള്‍ അതു ഹാന്‍ഡിലിലും, മിററിലും, കൈമുട്ടിലും, കാലിന്റെ ഇടയിലും,ആസനത്തിലും വച്ചുകൊണ്ട്‌ "ഞാന്‍ ഹെല്‍മെറ്റ്‌ വച്ചിട്ടുണ്ടേ "എന്നുള്ള മട്ടില്‍ പോകുന്നതു ഇനി കാണുമ്പോള്‍ നിങ്ങള്‍ ഈ കഥ ഓര്‍ത്ത്‌ പൊട്ടിച്ചിരിക്കുവാന്‍ വേണ്ടി !

Wednesday, December 12, 2007

തെറ്റു ചെയ്യുന്നതിനുള്ള മടി

തെറ്റു ചെയ്യാന്‍ സ്വാഭാവികമായി എല്ലാവര്‍ക്കും ഒരു മടി കാണും.ജനിക്കുമ്പോഴേ കള്ളത്തരവുമായി ജനിക്കുന്നവര്‍ ഒഴിച്ച്‌. പക്ഷേ ഈയിടെയായി ഇത്‌ കുറഞ്ഞുവരുന്നതുപോലെ ഒരു തോന്നല്‍. എനിക്കു മാത്രമാണോ ഇത്‌ എന്നു വേറൊരു തോന്നല്‍ ഇല്ലാതില്ല.

രംഗം(1)

ഒരു സുഹൃത്ത്‌ എന്നെ കൂട്ടിനു വിളിച്ചു ഡോക്ക്ടറെ ഒന്നു കാണാന്‍.ന്യായമായ ആവശ്യം-ഒരു സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണം. ഞാനും കൂടി ചെന്നു.

അവന്റെ കാല്‍മുട്ടിലെ ligament വച്ചു പിടിപ്പിച്ച ശസ്ത്രക്ക്രിയ ചെയ്ത ഡോക്ക്ടര്‍- മാന്യമായ പെരുമാറ്റം.വലിയ ജാടയൊന്നുമില്ല.

സുഹ്ര്ത്ത്‌ കാര്യം പറഞ്ഞു - സര്‍ട്ടിഫിക്കറ്റ്‌ വേണം. advocate പറഞ്ഞു 16% disability എഴുതി ത്തരാന്‍ ഡോക്ക്ടറോട്‌ പറയാന്‍. അങ്ങനെയാനെങ്കിലേ compensation കിട്ടൂ.

രക്ഷയില്ല ഞാന്‍ കള്ള സര്‍ട്ടിഫ്കികറ്റ്‌ തരുന്ന പ്രശ്നമേയില്ല എന്നു ഡോക്ടര്‍.

സാറിനെന്തെങ്കിലും നഷ്ടമുണ്ടോ. എഴുതിയാല്‍ മാത്രം പോരേ എന്നു സുഹൃത്ത്‌.

നഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും തരാന്‍ ഒക്കുകയില്ല എന്നു ഡോക്ടര്‍.

താന്‍ തന്നില്ലെങ്കില്‍ വേറെ ആളുണ്ട്‌ എന്ന് സുഹൃത്ത്‌.
എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്നു ഡോക്ടര്‍.

(ഒന്നര വര്‍ഷം പലയിടത്തായി കൊണ്ടു നടന്ന് ശരിയാവാതെ ഇരുന്ന മുട്ട്‌ ശരിയായ പ്രശ്നം കണ്ടു പിടിച്ച്‌ ശരിയായ ചികില്‍സ നല്‍കിയ ഡോക്ടരോട്‌ ഇങ്ങനെ പെരുമാറിയ സുഹൃത്ത്‌ നല്ല വിദ്യാഭ്യാസമുള്ള നല്ല ശംബളം കിട്ടുന്ന ജോലിയുള്ള ഒരുവനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).

രംഗം(2)

ഒരു സുഹൃത്തിന്റെ കാറില്‍ lift കിട്ടി. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, മുന്തിയ കാര്‍. ഭയങ്കര സ്പീഡ്‌.

സീറ്റ്‌ ബെല്‍റ്റ്‌ ഇടുന്നില്ലേ- അതൊക്കെ പേടിത്തൊണ്ടന്മാര്‍ക്ക്‌. ഞാന്‍ അതൊന്നും ഇടാറില്ല.

പിടിച്ചാലോ. ഈ കാറൊന്നും അവന്മാര്‍ പിടിക്കൂല്ല. നമുക്ക്‌ കണക്ഷന്‍സ്‌ കാണുമെന്ന് അവര്‍ക്കറിയാം.

മുന്‍പില്‍ പോകുന്ന ബൈക്ക്‌ കുടുംബത്തിന്റെ (നാലുപേരെ കേറ്റി ആടി ആടി യുള്ള പോക്ക്‌ അറിയാമല്ലോ) തൊട്ടു പുറകില്‍ ചെന്ന് നീട്ടിയൊരു ഹോണ്‍. അവര്‍ ഞെട്ടി വഴി മാറി.
അതിന്റെ ആവശ്യമുണ്ടായിരുന്നോ?

പിന്നല്ലാതെ. അവന്റെ പോക്കു കണ്ടില്ലേ ഇഴഞ്ഞിഴഞ്ഞ്‌ നടുറോഡില്‍ക്കൂടി.

സ്പീഡ്‌ ലിമിറ്റ്‌ പക്ഷേ 40

ഒന്നു പോടേ. അതൊക്കെ പഠിക്കുന്ന സമയത്ത്‌. എത്ര പേരുണ്ട്‌ നന്നായിട്ട്‌ വണ്ടി ഓടിക്കാന്‍ പഠിച്ചു കഴിഞ്ഞ്‌ അതൊക്കെ അനുസരിക്കുന്നത്‌, നീയല്ലാതെ.(എനിക്കിട്ടൊരു കുത്ത്‌). ഈ കാറില്‍ക്കയറിയിരുന്ന് പതുക്കെ പോണമെന്നു പറഞ്ഞാല്‍ പറ്റുമോ.this is a driver's car അദ്ദേഹം വാചാലനായി.

ഞങ്ങള്‍ ഒരു റ്റ്രാഫിക്‌ ലൈറ്റിനടുത്ത്‌ എത്തുന്നു ചുവപ്പ്‌ ആയിക്കഴിഞ്ഞു. മറ്റേ വശത്തു നിന്നുള്ളവര്‍ പോയിത്തുടങ്ങിയിട്ടില്ല. pdestrian crossing സിഗ്നല്‍ കിടക്കുന്നു. അവിടെ 25 സെക്കന്റ്‌ എടുക്കും.

സമയമില്ല. എനിക്കൊരു മീറ്റിംഗ്‌ ഉണ്ട്‌ നമുക്ക്‌ ഇതിനിടയില്‍ക്കൂടി അങ്ങു പോകാം. ക്രോസ്‌ ചെയ്യുന്നവരുടെ ഇടയില്‍ക്കൂടി ചീറിപ്പാഞ്ഞ്‌ ഒരു പോക്ക്‌. അതു കണ്ട്‌ തൊട്ടു പുറകിലുള്ള വണ്ടിയും കൂടെ പ്പിടിച്ചു.

എത്ര രംഗങ്ങള്‍ ഇതുപോലെ നമ്മുടെ ചുറ്റും നടക്കുന്നു.

നമുക്കെല്ലാം അറിയാവുന്നവര്‍ ,പരിചയമുള്ളവര്‍ ഇതുപോലെ കാണിച്ചാല്‍ നമുക്ക്‌ മിണ്ടാന്‍ പറ്റാറുണ്ടോ.

ഓരോ ചെറിയ തെറ്റുകള്‍ ചെയ്യുമ്പോഴും പോട്ടെ സാരമില്ല എന്ന് തള്ളി വിടുമ്പോള്‍ നമ്മളും അതിനു കൂട്ടു നില്‍ക്കുകയല്ലേ?

ആ സിഗ്നല്‍ തെറ്റിച്ചു പോയി ഇടിച്ചിടുന്നത്‌ എനിക്കറിയാവുന്നവരോ എന്റെ വേണ്ടപ്പെട്ടവരോ ആയിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയിരുന്ന് എഴുതുമായിരുന്നോ?

പിടിച്ചു നിര്‍ത്തി അടികൊടുക്കണം എന്നല്ല പറയുന്നത്‌ (പലപ്പോഴും അതാണ്‌ നല്ലതെങ്കിലും).

അത്ര ശരിയായില്ല എന്ന് ചൂണ്ടിക്കാണിക്കുക.

ചെയ്തത്‌ വലിയ മിടുക്കല്ലെന്നും വായില്‍നോക്കിത്തരമാണെന്നും മനസ്സിലായാല്‍ പലരും അതു വീണ്ടും ചെയ്യുന്നതിനു മുന്‍പ്‌ ഒന്ന് ആലോചിക്കുകയെങ്കിലും ചെയ്യും